വളർത്തുനായ തിന്നത് 3.32 ലക്ഷം രൂപ; എന്തു ചെയ്യണമെന്നറിയാതെ ഉടമ
Saturday, March 29, 2025 11:55 AM IST
പെൻസൽവാനിയയിലെ ഒരു ദന്പതികൾക്ക് അവരുടെ വളർത്തു നായ ഒരു മുട്ടൻ പണി കൊടുത്തു. സംഭം ചിരിയുണർത്തുമെങ്കിലും. നായയുടെ ഉടമകൾക്ക് അത് അത്ര രസകരമല്ല. കാരണം അവരുടെ 3.32 ലക്ഷം രൂപയാണ് പോയത്.
കാരി ലോയുടെയും പങ്കാളി ക്ലേട്ടണിന്റെയും അരുമയാണ് സെസിൽ എന്ന നായ. ഏഴു വയസുകരനായ സെസിൽ എല്ലാ ദിവസവും കളികളിൽ ഏർപ്പെടും. അന്നത്തെ ദിവസവും സെസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാരി അത് ശ്രദ്ധിച്ചത് സെസിൽ എന്തോ ചവയ്ക്കുന്നു.
കട്ടിയുള്ള പേപ്പർ ആണല്ലോ എന്നു കരുതി ശ്രദ്ധിച്ച കാരി ഞെട്ടിപ്പോയി. താൻ അടുക്കളയിലെ കൗണ്ടറിൽ ഒരു പേപ്പർ കവറിൽ സൂക്ഷിച്ച 4,000 ഡോളറാണത്. എന്തു ചെയ്യണമെന്നറിയാതെ കാരി സെസിലിന്റെ വായിൽ നിന്നും ആ കവർ പുറത്തെടുക്കാൻ ശ്രമം നടത്തി. പക്ഷേ, അപ്പോഴേക്കും സെസിൽ അത് ചവയ്ക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ അത് ആ പണം മുഴുവൻ തിന്നു.
ജോലി സംബന്ധമായ ഒരു പ്രധാന ചെലവിനായി മാറ്റിവെച്ചിരുന്ന തുകയാണ് നായ തിന്നത്. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ കാരയും ക്ലേട്ടണും നായയെ ഛർദ്ദിപ്പിക്കാൻ ശ്രമിച്ചു. അതിനായി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നും സംഭവിച്ചില്ല. ഒടുവിൽ അവർ സെസിലിനെയും കൊണ്ട് മൃഗഡോക്ടറെ സമീപിച്ചു. സെസിൽ ആരോഗ്യവാനാണെന്നും കുറച്ചു സമയത്തിനുശേഷം അവൻ വിസർജിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ സെസിൽ വിസർജിച്ചു. അവന്റെ മലത്തിലൂടെ പുറത്തു വന്ന നോട്ടുകൾഎടുത്ത് കഴുകി ഉണക്കേണ്ടി വന്നു ദന്പതികൾക്ക്.
കാരി ലോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലായ @oolalaw ൽ മുഴുവൻ അനുഭവവും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ കീറിയ നോട്ടുകളുടെയും നിഷ്കളങ്കമായ സെസിലിന്റെ മുഖവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.