സങ്കൽപ്പങ്ങളൊക്കെയാകാം ഇതൽപ്പം കൂടിപ്പോയോ എന്നൊരു സംശയം; ജീവിതപങ്കാളിയെക്കുറിച്ചുള്ള ചൈനീസ് പ്രൊഫസറുടെ ഡിമാൻഡുകൾ കേട്ടാൽ ആരും ചോദിച്ചു പോകും
Tuesday, March 25, 2025 12:03 PM IST
ജീവിത പങ്കാളിയെക്കുറിച്ച് സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമൊക്കെ എല്ലാവർക്കും ഉണ്ടാകുമല്ലോ? ചിലരൊക്കെ അത് കൂട്ടുകാരൊടൊക്കെ പങ്കുവെയ്ക്കും. ചൈനയിലെ ഒരു പ്രൊഫസർ തന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളുമൊക്കെ ഒരു പട്ടികയായി നിരത്തിയിരിക്കുകയാണ്.
ചൈനയിലെ സെജിയാങ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാർക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് ലൂ. അദ്ദേഹമാണ് ഒരു മാച്ച് മേക്കിംഗ് ചാറ്റ് റൂമിൽ പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ വിശദീകരിച്ചിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
മുത്തയഞ്ചു വയസുള്ള സുന്ദരനായ ചെറുപ്പക്കാരൻ എന്നു വിശേഷിപ്പിച്ചാണ് ലൂ തന്നെ പരിചയപ്പെടുത്തുന്നത്. കൂടാതെ 175 സെന്റീമീറ്റർ ഉയരവും 70 കിലോഗ്രാം ഭാരവും ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു മികച്ച ചൈനീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും, 1 ദശലക്ഷം യുവാൻ (₹1.16 കോടി) വാർഷിക വരുമാനവും തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിനെല്ലാം പുറമേ സെജിയാങ്ങിലെ യിവുവിൽ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഏക മകനാണ് താനെന്നും ഇയാൾ പറയുന്നു.
പിന്നെയാണ് ഇദ്ദേഹം തന്റെ ജീവിതപങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിവരിക്കുന്നത്. തന്നെക്കാൾ 10 വയസ്സ് പ്രായം കുറഞ്ഞ വ്യക്തിയായിരിക്കണം.അതുകൊണ്ട് രണ്ടായിരത്തിനു ശേഷം ജനിച്ച വ്യക്തികളെയാണ് പരിഗണിക്കുന്നത്. ഉയരം 165 നും 171 സെന്റീമീറ്ററിനും ഇടയിൽ ആയിരിക്കണം. മെലിഞ്ഞിരിക്കണം അതീവ സുന്ദരിയും ആയിരിക്കണം. തീർന്നില്ല ഇനിയുമുണ്ട് ഡിമാൻഡുകൾ
ചൈനയിലെ പ്രശസ്തമായ ഒമ്പത് സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം. ആഗോളതലത്തിൽ മികച്ച 20 റാങ്കുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ വരികയാണെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് പരിഗണിക്കും. നിയമം, മെഡിസിൻ, എന്നിവയിലേതിലെങ്കിലും മേജർ ബിരുദം ഉള്ളവർക്കും മുൻഗണന ഉണ്ട്.
ഇവിടെയും നിന്നില്ല ഡിമാൻഡുകൾ അതങ്ങനെ നീണ്ടു നീണ്ടു പോകുകയാണ്. രൂപഭംഗി, കുടുംബത്തിന്റെ സമ്പത്ത്, വ്യക്തിപരമായ കഴിവുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ഗുണനിലാവരമുള്ളവരാണെങ്കിൽ ആ സ്ത്രീകൾക്ക് ചില ഇളവുകൾ അനുവദിക്കുമെന്നും അയാൾ പറയുന്നുണ്ട്. എന്തായാലും പ്രൊഫസറുടെ ഡിമാൻഡുകൾക്ക് സമൂഹമാധ്യമങ്ങളിൽ കാര്യമായ വിമർശനങ്ങളാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്.