ബിസ്ക്കറ്റ് ഇട്ട് ഓംലെറ്റ്! കണ്ടിട്ട് ഛർദിക്കാൻ തോന്നിയെന്നു സോഷ്യൽ മീഡിയ
Thursday, March 13, 2025 2:03 PM IST
സമൂഹമാധ്യമങ്ങളിൽ പാചകപരീക്ഷണങ്ങൾക്കും വിഭവവൈവിധ്യങ്ങൾക്കും പഞ്ഞമില്ല. വറുത്ത ഐസ്ക്രീം, പാൻ മസാലദോശ, ഫാന്റ നൂഡിൽസ് തുടങ്ങി വിചിത്രമായ പരീക്ഷണങ്ങളുടെ നിരവധി വീഡിയോകൾ ഡിജിറ്റൽ ലോകത്തു ലഭ്യമാണ്.
കോൽക്കത്തയിലെ തട്ടുകട വിഭവമായ "ഓറിയോ ഓംലെറ്റ്'ആണ് പുതിയ വൈറൽ ഫുഡ്. ഇത് തയാറാക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലുണ്ട്.കോൽക്കത്തയിലെ തട്ടുകടക്കാരൻ സ്റ്റൗവിൽ പാൻ വയ്ക്കുന്നിടത്തുനിന്നാണു വീഡിയോ തുടങ്ങുന്നത്.
തുടർന്ന് മുട്ടപൊട്ടിച്ച് പാത്രത്തിലൊഴിച്ച് മിക്സ് ചെയ്യുന്നു. പച്ചമുളക്, സവാള തുടങ്ങിയവും ചേർക്കുന്നു. ചൂടായ പാനിൽ മുട്ടമിശ്രിതം ഒഴിക്കുന്നു. വെന്തുതുടങ്ങുന്പോൾ അതിലേക്ക് ഓറിയോ ബിസ്ക്കറ്റ് വയ്ക്കുന്നു.
മുട്ട പൂർണമായും വെന്തുകഴിയുന്പോൾ പ്ലേറ്റിലേക്കു മാറ്റുന്നു. ഫുഡ് വ്ലോഗറായ ശിവം ശർമയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. വിഭവത്തെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേർ രംഗത്തെത്തി.
വിഭവം പരീക്ഷിച്ചു നോക്കുമെന്നു ചിലർ പറഞ്ഞപ്പോൾ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്നും കണ്ടിട്ട് ഛർദിക്കാൻ തോന്നിയെന്നുമായിരുന്നു മറ്റു ചിലരുടെ കമന്റ്.