എനിക്കറിയാൻ പാടില്ല സാറേ ഇവനാരാണെന്ന്... ഇത്തിരി മരുന്ന് തരുമോ ചേട്ടാ എന്നു ചോദിച്ചു വന്നതാ; ഫാർമസിയിലേക്ക് ഓടിക്കയറി പരിക്കുപറ്റിയ കുരങ്ങൻ
Thursday, March 13, 2025 11:37 AM IST
കുരങ്ങന്മാരുടെ ചാടിച്ചാടിയുള്ള നടത്തം അവരുടെ പെരുമാറ്റമൊക്കെ ആരുമൊന്നു നോക്കി നിൽക്കുമല്ലേ. ബംഗാളി ടൈഗേഴ്സ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എങ്ങനെയോ പരിക്കു പറ്റിയ ഒരു കുരങ്ങൻ ഒരു ഫാർമസിയിൽ എത്തിയിരിക്കുന്നതാണ് വീഡിയോയിൽ. പരിക്കു പറ്റിയകുരങ്ങൻ സഹായം തേടിയാണ് എത്തിയത്. എന്തായാലും ആൾക്കൂട്ടത്തിനു നടുവിലിരിക്കുന്ന കുരങ്ങന് മരുന്ന് വെക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
എവിടുന്നോ പരിക്കു പറ്റിയെത്തിയ കുരങ്ങൻ മെഹർപൂരിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിലാണ് ഒരു മെഡിക്കൽ ഷോപ് കണ്ടത്. ഫാർമസി കണ്ടതോടെ സഹായത്തിനായി അത് അവിടേക്ക് ഓടിക്കയറി. മെഹർപൂർ നഗരത്തിൽ തന്നെയുള്ള അൽഹേര ഫാർമസിയിലാണ് ഈ സംഭവം അരങ്ങേറിയത്. മെഡിക്കൽ ഷോപ് ജീവനക്കാർ വളരെ അനുകന്പയോടെ കുരങ്ങനു മരുന്ന് പുരട്ടി നൽകുന്നതും കാണാം.
ഒരുപക്ഷേ, മനുഷ്യരെല്ലാം കൂടി നിൽക്കുന്നതു കണ്ട് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓടിക്കയറിയതാകാം കുരങ്ങനെന്നും വീഡിയോകണ്ടവർ അഭിപ്രായം പറയുന്നുണ്ട്.