കോടീശ്വരനാണ് പക്ഷേ, കാപ്പി കുടിക്കില്ല
Monday, March 10, 2025 12:34 PM IST
ജോലിക്കിടയിൽ ഉറക്കം തൂങ്ങിയാൽ. ഭയങ്കര ക്ഷീണം തോന്നിയാലൊക്കെ ആളുകൾ ഓടുന്നത് ഒരു കാപ്പി കുടിക്കാനാണല്ലേ. എന്നാൽ ഇവിടെ ഒരു കോടീശ്വരൻ താൻ കാപ്പി കുടിക്കാത്തതിനെക്കുറിച്ച് പറയുകയാണ്. ബ്രയാൻ ജോൺസൺ എന്ന അമേരിക്കക്കാരൻ കോടീശ്വരൻ ജീവിതശൈലിയിലെ അസാധാരണ തീരുമാനങ്ങൾകൊണ്ട് പേരുകേട്ടയാളാണ്. കാപ്പിയും മറ്റ് ഉത്തേജകങ്ങളും ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ഊർജ്ജവും ശ്രദ്ധയും വർദ്ധിപ്പിക്കാനുള്ള കഴിവ് കാരണം കാപ്പി പലപ്പോഴും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ ജോൺസൺ കഫീൻ, നിക്കോട്ടിൻ എന്നിവയുൾപ്പെടെ ഒരു ഉത്തേജകവും കഴിക്കുന്നില്ല. “ഞാൻ കാപ്പി കുടിക്കാറില്ല. മികച്ച ഉറക്കം, നല്ല ഭക്ഷണക്രമം, പതിവായുള്ള വ്യായാമം എന്നിവയാൽ എന്റെ വികാരങ്ങളും ബുദ്ധിയും ഇപ്പോൾ വളരെ സ്ഥിരതയുള്ളതാണ്.
മാറ്റത്തിന്റെ ഒരു റോളർകോസ്റ്റർ സൃഷ്ടിക്കുന്ന എന്തും ഞാൻ ഒഴിവാക്കുന്നു. അതിനാൽ, ഞാൻ കഫീൻ ഉപയോഗിക്കുന്നില്ല, നിക്കോട്ടിൻ ഉപയോഗിക്കുന്നില്ല, ഉത്തേജകങ്ങൾ ഉപയോഗിക്കുന്നില്ല... എന്റെ മാനസികാവസ്ഥ ദിവസം മുഴുവൻ സ്ഥിരതയുള്ളതാണ്... അത് മനോഹരമാണ്. ”
വാർധക്യത്തെ മറികടക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ജോൺസൺന്റെ ശ്രമങ്ങൾ പേരുകേട്ടതാണ്. സ്ഥിരമായ ആരോഗ്യം നിലനിർത്തുന്നതിലുള്ള ശ്രദ്ധ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാപ്പി കുടിക്കുന്നത് ഒഴിവാക്കാൻ ആളുകളോട് നിർദ്ദേശിക്കുമോ എന്ന ചോദ്യത്തിന് ബ്രയാൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. "ചിലർ ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്, കഫീനോടുള്ള എന്റെ സമീപനം ഇങ്ങനെയാണ്. ഓരോരുത്തരും അവരവർക്കു പറ്റുന്ന പോലെ ചെയ്യുക. നന്നായി വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക.