ഈ ആരാധകരെക്കൊണ്ടു തോറ്റൂ... പൂച്ചയുടെ ഹൈ ഫൈവ് അനുഗ്രഹത്തിനായി ക്ഷേത്രത്തിൽ തിക്കും തിരക്കും
Wednesday, March 5, 2025 2:46 PM IST
ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർഥിക്കാനും അനുഗ്രഹം വാങ്ങിക്കാനുമല്ലേ. എന്നാൽ, ചൈനയിലെ ഒരു ക്ഷേത്രത്തിലെ ഇപ്പോഴത്തെ തിരക്ക് ഒരു പൂച്ചയുടെ കയ്യിൽ നിന്നും ഹൈ ഫൈവ് വാങ്ങിക്കാനാണ്.
ക്ഷേത്രത്തിലെത്തുന്നവർ പൂച്ചയെ സന്ദർശിച്ചാൽ ഹൈ ഫൈവ് നൽകി പൂച്ചയനുഗ്രഹം വാങ്ങാം. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവശ്യയിലെ സുഷൗവിലെ സിയുവാൻ ബുദ്ധ ക്ഷേത്രത്തിലാണ് ഈ പൂച്ചയുള്ളത്.
പ്രശസ്തനായതിന്റെ ഗമ അൽപ്പം കാട്ടിയാണ് പൂച്ചയുടെ ഇരുപ്പ്. കഴുത്തിൽ സ്വർണ നിറത്തിലുള്ള വലിയ ചങ്ങലും ധരിച്ചിട്ടുണ്ട്. പൂച്ചയനുഗ്രമെന്ന വിശേഷണത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെയ്ക്കുന്നത്.
സുഷൗ ടൂറിസത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും അന്താരാഷ്ട്ര തലത്തിൽ വരെ വൈറലായിരിക്കുകയാണ് പൂച്ചയും ക്ഷേത്രവും. ക്ഷേത്രത്തിലെത്തുന്നവർ പൂച്ചയുടെ കയ്യിൽ നിന്നും ഹൈ ഫൈവ് വാങ്ങിക്കാൻ തിരക്ക് കൂട്ടുന്നതും വീഡിയോയിൽകാണാം.
യുവാൻ രാജവംശമാണ് ഈ ക്ഷേത്രം നിർമിച്ചതെന്നും പരന്പരാഗത ചൈനീസ് ഗാർഡൻ സൗന്ദര്യവും പുരാതന ബുദ്ധ വാസ്തുവിദ്യയും കൂടിച്ചേർന്ന നിർമിതിയാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.വെസ്റ്റ് ഗാർഡൻ ടെംപിൾ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.