താൻ ആളു കൊള്ളാമല്ലോടാ...ഒറ്റ ചക്ര സൈക്കിളിലെ സഞ്ചാരി
Monday, March 3, 2025 2:45 PM IST
ബംഗളുരുവിലെ ട്രാഫിക് ബ്ലോക്ക് പ്രശസ്തമാണ്. ബ്ലോക്കിൽ നിന്നും രക്ഷപെടാനുള്ള പല ശ്രമങ്ങളും ട്രാഫിക് മൂലം നേരിടുന്ന ബുദ്ധിമുട്ടുകളുമൊക്കെ വാർത്തയാകാറുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്നത് ബംഗളുരുവിലെ ട്രാഫിക് ബ്ലോക്കിനിടയിൽ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളിൽ ( ഒറ്റ ചക്രമുള്ള സൈക്കിളിൽ ) യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ്.
ഒരു ഹെൽമെറ്റും ബാക്പാക്കും ധരിച്ച് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യുകയാണ് യുവാവ്. '@dipunair' എന്ന എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് പെട്ടന്നു തന്നെ ശ്രദ്ധകിട്ടുകയും ചെയ്തിട്ടുണ്ട്.
തിരക്കേറിയ വഴിയിലൂടെ അനായാസമായി യൂണിസൈക്കിളുമായി പോകുകയാണ് യുവാവ്.ഒഴുകി നീങ്ങുന്നതുപോലെയും തെന്നി നീങ്ങുന്നതുപോലെയുമാണ് അദ്ദേഹത്തിന്റെ പോക്കിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നവരിൽ പലരും രസംപിടിപ്പിക്കുന്നതാണ് ദൃശ്യമെന്നും അതോടൊപ്പം ആശങ്കപ്പെടുത്തുന്നതുമാണെന്നും പറയുന്നു.
"ബംഗളുരുവിലെ ഈ യാത്ര അപകടകരമാണ്. പക്ഷേ, സമയം ലാഭിക്കുന്നത് വിലമതിക്കുന്നു.' എന്നാണ് ഒരാളുടെ കമന്റ്. "റോഡുകളിൽ ഇത് സുരക്ഷിതമല്ല. ഒരു ക്യാമ്പസിനുള്ളിൽ ഉപയോഗിക്കാം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
മൂന്നാമതൊരാളുടെ കമന്റ് അൽപ്പം കൂടി രസകരമാണ്. നഗരഗതാഗതം നിയന്ത്രിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരമാണ്. ബസുകൾ, കാറുകൾ, മുച്ചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ വേഗത്തിലെത്താൻ ഈ വാഹനങ്ങളെല്ലാം ഉപയോഗിക്കുന്നവരുണ്ട്. ഇപ്പോഴിതാ ഒരു ചക്ര വാഹനവും !. ചക്രങ്ങളെ ആശ്രയിക്കാത്ത ഒരാൾക്ക് ഇതിലും വേഗത കൂടുതലായിരിക്കുമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്.
യുവാവിന്റെ ഹെൽമറ്റ് ധരിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചവരും നിരവധിയാണ്. ഹെൽമറ്റൊക്കെ വെച്ചെങ്കിലും കുഴികളിൽ ബാലൻസ് ചെയ്യാൻ അൽപ്പം പാടുപെട്ടേക്കും എന്നു കമന്റിട്ടിവരുമുണ്ട്. ബംഗളുരുവിന്റെ റോഡുകൾ അപ്രതീക്ഷിത കാഴ്ചകളാൽ നിറഞ്ഞതാണെന്ന് ഈ വൈറൽ വീഡിയോ വീണ്ടും തെളിയിക്കുന്നു.