മാലിന്യം കണ്ട് അറയ്ക്കാൻ വരട്ടെ...! മാലിന്യത്തിൽ തെരഞ്ഞ് 23കാരി ഒരുമാസം നേടുന്നത് ഒൻപത് ലക്ഷം
Saturday, February 15, 2025 12:52 PM IST
അറപ്പുളവാക്കുന്നതാണു മാലിന്യം. എന്നാൽ, മാലിന്യക്കൂമ്പാരത്തിൽ ലക്ഷങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അറപ്പൊക്കെ മാറും! അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ എല്ലാറോസ് എന്ന 23 വയസുകാരി മാലിന്യത്തിൽ തെരച്ചിൽ നടത്തി ഒരുമാസം സമ്പാദിക്കുന്നത് ഒന്‍പത് ലക്ഷം രൂപ വരെയാണ്.
പതിമൂന്നാമത്തെ വയസില്‍ പഴയ കളിപ്പാട്ടങ്ങൾക്കുവേണ്ടിയാണ് എല്ലാറോസ് മാലിന്യശേഖരത്തിൽ തെരച്ചിൽ തുടങ്ങിയത്. അവിടെനിന്നു കിട്ടിയ വസ്തുക്കളുമായി വീട്ടിലെത്തിയപ്പോൾ ആ കൗമാരക്കാരിക്കു മാതാപിതാക്കളിൽനിന്ന് ആവശ്യത്തിലേറെ വഴക്കു കിട്ടി. പക്ഷേ, കളിപ്പാട്ടങ്ങളോടുള്ള ഇഷ്ടക്കൂടുതൽ അവളെ വീണ്ടും മാലിന്യക്കൂമ്പാരത്തിലെത്തിച്ചു. പ്രതീക്ഷിച്ചതിലുമധികം സാധനങ്ങൾ ലഭിച്ചതോടെ അവള് തന്ത്രം മാറ്റി. വീടിനു സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകൾക്കു മുന്നിൽ സ്വന്തംനിലയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
സൂപ്പര്‍മാർക്കറ്റുകളില്‍നിന്ന് ഉപേക്ഷിക്കുന്നതിൽ പലതും ചെറിയ നിർമാണത്തകരാറുകൾ മാത്രമുള്ള ബ്രാൻഡഡ് വസ്തുക്കളായിരുന്നു. ഇവ ശേഖരിച്ച് എല്ലാറോസ് ഓണ്‍ലൈനില്‍ വില്പനയ്ക്കു വച്ചു. ഓണ്‍ലൈനില്‍ ഇവയ്ക്കു നല്ല ഡിമാൻഡായിരുന്നു. 50,000 രൂപ വിലയുള്ള ഒരു ഡൈസൺ എയർറാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്റീനോ പരിശീലക ഉപകരണങ്ങളുമൊക്കെ തനിക്ക് മാലിന്യത്തിൽനിന്നു ലഭിച്ചിട്ടുണ്ടെന്ന് എല്ലാറോസ് പറയുന്നു.
പത്തു വർഷം പിന്നിടുന്പോൾ ലക്ഷാധിപതിയാണ് ഈ യുവതി. താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി വരുമാനമാർഗം കണ്ടെത്തിയതോടെ വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ സപ്പോർട്ടും എല്ലയ്ക്കു ലഭിക്കുന്നു.