ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ! സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തി തായ്വാൻ ഡോക്ടർ
Thursday, January 23, 2025 1:23 PM IST
എത്ര വിദഗ്ധനായ ഡോക്ടറാണെങ്കിലും സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്താൻ തയാറാകുക എന്നത് അചിന്തനീയമാണ്. എന്നാൽ അതും സംഭവിച്ചു. തായ്വാനിലെ തായ്പേയിൽ ചെൻ വെയ്-നോംഗ് എന്ന ഡോക്ടർ സ്വയം വാസക്ടമി (വന്ധ്യംകരണശസ്ത്രക്രിയ) നടത്തി. എന്നു മാത്രമല്ല, ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
വാസക്ടമി പ്രക്രിയയുടെ 11 ഘട്ടങ്ങൾ ഒരു ഗൈഡിനെപ്പോലെ സൂക്ഷ്മമായി വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന ശസ്ത്രക്രിയ സ്വയം ചെയ്ത് കാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. വാസക്ടമി ചെയ്യാനുള്ള കാരണവും ഡോ. ചെൻ വ്യക്തമാക്കി. ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റുന്നതിനായാണത്രെ വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് വിധേയനായത്.
പിഴവു പറ്റാതിരിക്കാനും അപകടസാധ്യത കുറയ്ക്കാനുമാണ് സ്വയം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്നും താൻ സുഖമായിരിക്കുന്നുവെന്നും ഇദ്ദേഹം വീഡിയോയിൽ പറഞ്ഞു. വളരെ വേഗം വൈറലായ വീഡിയോ രണ്ടു ദശലക്ഷത്തിലധികം ആളുകൾ കാണുകയും 61,000 ലധികം പേർ ലൈക്കടിക്കുകയും ചെയ്തു. ഡോക്ടറുടെ ധീരമായ പ്രവൃത്തിയെ ചിലർ വാഴ്ത്തിയപ്പോൾ, മറ്റുചിലർ ശസ്ത്രക്രിയ സ്വയം നടത്തിയതിനെ വിമർശിച്ചു.