ആദ്യ പ്രസവത്തിൽ യുവതിയുടെ വയറ്റിൽ ഡോക്ടർമാർ സൂചി മറന്നു; രണ്ടാം പ്രസവത്തിൽ പുറത്തെടുത്തു
Thursday, January 9, 2025 11:06 AM IST
പ്രസവശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ അശ്രദ്ധമൂലം സ്ത്രീയുടെ വയറ്റിൽ അകപ്പെട്ടുപോയ സൂചി രണ്ടു വർഷത്തിനുശേഷം രണ്ടാമത്തെ പ്രസവസമയത്തു കണ്ടെത്തി. മധ്യപ്രദേശിലെ രേവയിലാണു ഞെട്ടലുളവാക്കുന്ന സംഭവം. ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയുടെ വയറ്റിൽനിന്നാണു സർജിക്കൽ നീഡിൽ പുറത്തെടുത്തത്.
രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ സിസേറിയനിലൂടെയായിരുന്നു ഹിനാ ഖാന്റെ ആദ്യ പ്രസവം. ഏതാനും ദിവസത്തിനുശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയെങ്കിലും പിന്നീട് ഹിനാ ഖാന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ മുറിവുകൾ ഉണങ്ങുന്നതോടെ വേദന മാറുമെന്നു പറഞ്ഞ് ഡോക്ടർമാർ മറ്റു പരിശോധനകളൊന്നും നടത്തിയില്ല. വേദന സഹിച്ചായിരുന്നു യുവതിയുടെ പിന്നീടുള്ള ജീവിതം.
രണ്ടു വർഷത്തിനുശേഷം ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ഹിനാ ഖാൻ എത്തിയപ്പോഴാണു നവജാത ശിശുവിനൊപ്പം ശസ്ത്രക്രിയ സൂചി ഡോക്ടർമാർ കണ്ടെത്തിയത്.
അമ്മയുടെ വയറ്റിലെ സൂചി മൂലം നവജാതശിശുവിന്റെ ശരീരം നിറയെ വരഞ്ഞു മുറിവേറ്റ പരിക്കുകളായിരുന്നെന്നും കുഞ്ഞ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരേ പരാതി നൽകിയിരിക്കുകയാണു യുവതി.