എവിടാണെങ്കിലും തേടിവരും പക്ഷേ...; കാമുകിയെ കാണാൻ അതിർത്തി കടന്ന യുപിക്കാരൻ പാക്കിസ്ഥാനിൽ അറസ്റ്റിൽ
Wednesday, January 1, 2025 12:34 PM IST
കാമുകിയെ കാണാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാനിൽ പിടിയിൽ. ഉത്തർപ്രദേശിൽ അലിഗഢ് ജില്ലയിലെ നഗ് ല ഖത്കാരി സ്വദേശി 30 കാരനായ ബാദൽ ബാബുവാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസ് മാണ്ഡി ബഹാവുദ്ദീൻ നഗരത്തിൽ അറസ്റ്റിലായത്.
ഫേസ്ബുക്കിലൂടെയാണു പാക്കിസ്ഥാൻ യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. പ്രണയത്തിലായശേഷം കാമുകിയെ കാണാൻ അതിർത്തി കടക്കുകയായിരുന്നു.
യാത്രാരേഖകൾ ഹാജരാക്കാത്തതിനെത്തുടർന്ന് ഡിസംബർ 27നാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പ് രണ്ടുതവണ അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാമത്തെ ശ്രമത്തിലാണ് അതിർത്തി കടന്നത്. കാമുകിയെ കണ്ടെത്തിയശേഷമാണ് ഇയാൾ പിടിയിലായത്.
1946ലെ പാക്കിസ്ഥാൻ ഫോറിനേഴ്സ് ആക്ടിന്റെ 13, 14 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.