ഈ ഈശോയെ ഒന്നു സൂക്ഷിച്ചുനോക്കിക്കേ; ഇത് നെൽകൃഷിയിലൂടെ അജയകുമാർ ഒരുക്കിയത്
Wednesday, December 4, 2024 1:35 PM IST
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽവിത്തുകൾ ഉപയോഗിച്ച് കരനെൽ കൃഷി തുടങ്ങിയ അദ്ദേഹം വിത്തുകൾ മുളപ്പിച്ചെടുത്തത് ഈശോയുടെ രൂപം വരച്ചുകൊണ്ടാണ്. വിത്തുകൾ മുളച്ചുവന്നതോടെ ചിത്രം പച്ചപിടിച്ചു നിൽക്കുകയാണ്.
മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരയിലും നെൽകൃഷി വിജയമാകുമെന്നാണ് അജയകുമാറിന്റെ പക്ഷം. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് അദ്ദേഹം.
കൃഷി ഒരു ഈശ്വര സമർപ്പണമായി താൻ കരുതുന്നുവെന്നതാണ് ഈശോയുടെ രൂപത്തിൽ വിത്തുകൾ മുളപ്പിക്കാൻ തീരുമാനിച്ചതെന്നും ഇത് അനുഗ്രഹമായി മാറുമെന്നുമുള്ള വിശ്വാസം അജയകുമാറിനുണ്ട്.
അജയകുമാറിന്റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണയും മാർഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്.
ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ പശുക്കളുടെ ചാണകവും മൂത്രവും അടക്കമുള്ള ജൈവ വളങ്ങളും. കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ, ചർമം മുതൽ പേശികൾ വരെയുള്ള ആരോഗ്യത്തിന് ഒക്കെ അനുയോജ്യമായ നാടൻ നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ കരനെൽകൃഷിയെക്കുറിച്ചു അറിഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. കൃഷിവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി കരനെൽ കൃഷിയുടെ വിപുലീകരണ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിർദേശിക്കാമെന്ന് ചിറ്റയം ഗോപകുമാർ ഉറപ്പു നൽകിയിട്ടുണ്ട്.