എക്കാലത്തെയും വിലകൂടിയ വാഴപ്പഴം, 52 കോടി രൂപ; കാരണം...
Friday, November 22, 2024 12:02 PM IST
പഴുത്താല്‍ നാലുനാള്‍ പോലും ആയുസില്ലാത്ത വസ്തു എന്നാണ് പൊതുവേ പഴത്തെ കാണുമ്പോള്‍ പലരും വിചാരിക്കാറ്. വശമെങ്ങാനും ചീഞ്ഞ് തുടങ്ങിയാല്‍ വലിച്ചൊരു ഏറുമാണ്. സാധാരണ ഒരു കിലോ പഴത്തിന് 70 രൂപയും മറ്റുമാണല്ലൊ വില.
എന്നാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ വാഴപ്പഴത്തിന്റെ കാര്യം കേട്ടാല്‍ ആരും ഞെട്ടും. കാരണം 52 കോടി രൂപയാണ് അതിന്റെ വില. ന്യൂയോര്‍ക്കിലുള്ള ലേലം നടത്തിപ്പുകാരായ സാത്ത്ബിയുടെ പക്കലായിരുന്നു ഈ വാഴപ്പഴം ഉണ്ടായിരുന്നത്.
ഈ മാസം 20ന് നടന്ന ലേലത്തില്‍ ഈ വാഴപ്പഴത്തിന് 6.2 മില്യണ്‍ ഡോളര്‍ (ഏകദേശം 52.4 കോടി രൂപ) ആണ് വിലയായി ലഭിച്ചത്. എന്നാല്‍ ഇത് സാധാരണ പഴമല്ല. ഇത് പ്രശസ്ത ഹാസ്യതാരവും കലാകാരനായ മൗറിസിയോ കാറ്റെലന്റെ സൃഷ്ടിയാണ്. കൗതുകകരമായ ആര്‍ട്ട് ഇന്സ്റ്റാലേഷന് ആണ് ഈ പഴം. കറുത്ത ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുവരില്‍ ഒട്ടിച്ച രീതിയിലാണ് ഇതുള്ളത്.
ലേലംവിളിയില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഈ സൃഷ്ടിയാണ്. ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോമായ ട്രോണിന്റെ സ്ഥാപകനായ സണ്‍ ലേലത്തുകയിലും നാലിരട്ടി മുടക്കിയാണ് ഈ കലാസൃഷ്ടി സ്വന്തമാക്കിയത്. തുടക്കത്തില്‍ വെറും 35 ഡോളറിന് (2,958 രൂപ) ആയിരുന്നു ഒരാള്‍ ഇത് വാങ്ങിയിരുന്നത്. അന്നുരാത്രിതന്നെ ലേലത്തില്‍ ഇതിന്റെ വില 6.2 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
2019-ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട മൗറിസിയോ കാറ്റെലന്റെ "കോമേഡിയന്‍' ഡിജിറ്റല്‍ സംസ്കാരവും ഫൈന്‍ ആര്‍ട്ടും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ക്രോസ്ഓവറിന്റെ ചിഹ്നമായി മാറി. അതിന്റെ ആകര്‍ഷണം കലാ ലോകത്തിന് അതീതമാണ്.
പലരും ഈ ഇന്സ്റ്റലേഷനെ നിലവിലെ സാംസ്കാരിക നിമിഷത്തിന്റെ പ്രതീകമായി കാണുന്നു. ലോകമെമ്പാടും ലേല ഫലങ്ങള്‍ അലയടിക്കുമ്പോള്‍, വാഴപ്പഴത്തിന്റെ റിക്കാര്‍ഡ് വില്പന, ആധുനിക വിപണിയില്‍ കലയുടെ മൂല്യത്തെക്കുറിച്ച് ധാരണ നല്കുന്നു.