ചന്ദ്രനിൽ പണ്ട് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു...!
Thursday, November 21, 2024 12:46 PM IST
കോടിക്കണക്കിനു വര്‍ഷം മുന്‍പ് ചന്ദ്രന്റെ നിഗൂഢമായ വിദൂരഭാഗത്ത് അഗ്നിപര്‍വത സ്ഫോടനം നടന്നതായി കണ്ടെത്തൽ. ചൈനീസ് അക്കാഡമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തിൽ നടത്തിയ Chang'e-6 ദൗത്യത്തിനിടെ ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്താണു ശാസ്ത്രകാരന്മാരുടെ വെളിപ്പെടുത്തൽ.
സ്ഫോടനങ്ങളാല്‍ രൂപപ്പെട്ട ബസാള്‍ട്ട് ശകലങ്ങളാണു ദൗത്യത്തിനിടെ കണ്ടെത്തിയ സാന്പിളുകളിൽനിന്നു ലഭിച്ചത്. ഭൂമിയില്‍നിന്നു ദൃശ്യമാകുന്ന ചന്ദ്രന്റെ ഭാഗത്തെ കാഴ്ചകൾ വളരെ മുൻപുതന്നെ രേഖപ്പെടുത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും വിദൂരവശത്ത് ഇപ്പോഴും കാര്യമായ പര്യവേക്ഷണങ്ങൾ നടന്നിട്ടില്ല.
ദൗത്യത്തിന്റെ ഭാഗമായി ഇവിടെനിന്നു ശേഖരിച്ച പാറ പരിശോധിച്ചപ്പോൾ 2.83 ബില്യണ്‍ വര്‍ഷം മുന്‍പുണ്ടായ അഗ്നിപർവതസ്ഫോടനത്തിന്റെ തെളിവുകളാണു കണ്ടെത്തിയതെന്നു പറയുന്നു. ആദ്യമായാണ് ഇവിടെനിന്നു സാന്പിൾ ശേഖരിച്ചു പഠനം നടത്തുന്നത്.
റേഡിയോമെട്രിക് ഡേറ്റിംഗ് ഉപയോഗിച്ചായിരുന്നു പഠനം. നേച്ചര്‍ ആന്‍ഡ് സയന്‍സ് ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ഭാഗങ്ങളിലേക്കു വെളിച്ചം വീശുന്നതാണു പുതിയ പഠനങ്ങളെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.