കോടികള്‍ മുടക്കി അതിഗംഭീര വിരുന്ന്; ഈ യാചകര്‍ "ചില്ലറക്കാരല്ല'
Wednesday, November 20, 2024 12:23 PM IST
യാചകര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ തെളിയുന്നത് കീറിയ തുണിയുടുത്ത് ഒരു തകരപാത്രവുമായി ദയനീയ മുഖഭാവത്തോടെ ഉള്ള ഒരാള്‍ എന്നതായിരിക്കും. പലരും വലിച്ചെറിയുന്ന നാണയത്തുട്ടുകള്‍ അവര്‍ കൂട്ടിവയ്ക്കും. ഈ കാഴ്ചയില്‍ അവരോട് സഹതാപമൊ പുച്ഛമൊ ഒക്കെ കാട്ടി പലരും കടന്നുപോകും.
എന്നാല്‍ പാക്കിസ്ഥാനിലെ ഒരു യാചക കുടുംബം അടുത്തിടെ തങ്ങളുടെ സമ്പാദ്യം നിമിത്തം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഗുജ്റന്‍വാലയില്‍ ഉള്ള ഈ കുടുംബം ഏകദേശം 20,000 പേര്‍ക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാല്‍ ഏകദേശം 1.25 കോടി പാകിസ്ഥാന് രൂപ ഇതിനായി ചിലവായത്രെ. അതായത് അഞ്ചുകോടിയിലധികം ഇന്ത്യന്‍ രൂപ.
അവരുടെ മുത്തശിയുടെ മരണത്തിന്റെ 40-ാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ചാണ് ആഡംബര പരിപാടി നടന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുക മാത്രമല്ല, അവരെ വേദിയിലേക്ക് കൊണ്ടുപോകാന്‍ ഏകദേശം 2,000 വാഹനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.
ഉച്ചഭക്ഷണത്തിനായി, കുടുംബം പരമ്പരാഗത വിഭവങ്ങളായ സിരി പായെ, മുറബ, വിവിധ മാംസവിഭവങ്ങള്‍ എന്നിവ വിളമ്പി. അത്താഴത്തിന്, കുടുംബം ടെന്‍ഡര്‍ മട്ടണ്‍, നാന്, മത്തര്‍ ഗഞ്ച് (മധുരമുള്ള ചോറ്), കൂടാതെ നിരവധി മധുരപലഹാരങ്ങള്‍ എന്നിവ വിളമ്പി. വന്‍ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ 250 ആടുകളെ അറുത്തു എന്നാണ് റിപ്പോര്‍ട്ട്.
ഗുജ്റന്‍വാലയിലെ രാഹ്വാലി റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ഈ മഹാവിരുന്ന് പാക്കിസ്ഥാനിലെ ധനവാന്മാരെ ആകെ ഞെട്ടിച്ചു. അവരെ മാത്രമല്ല നെറ്റിസണ്‍സിനെയും ഈ വിരുന്ന് ആശയക്കുഴപ്പത്തിലാക്കി.
അമിതമായ ചെലവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഭിക്ഷാടകരെന്ന് അവകാശപ്പെടുന്ന ഒരു കുടുംബത്തിന് ഇത്തരമൊരു ആഡംബര പരിപാടി എങ്ങനെ താങ്ങാനാകുമെന്ന് പലരും ചോദിക്കുന്നു. ഇനി "ബിഗ്ഗര്‍' ഫാമിലി എന്നത് ആരെങ്കിലും "ബെഗ്ഗര്‍' എന്ന് തെറ്റി പറഞ്ഞതാകുമൊ എന്ന സംശയം പലരും ഉന്നയിച്ചു. പക്ഷെ സംഗതി സത്യമാണെന്നാണ് വിരുന്നില്‍ പങ്കെടുത്ത പലരും പറയുന്നത്. എന്തായാലും ഈ യാചകര്‍ ചില്ലറക്കാരല്ല...