ഏറ്റവും വലിയ കാലുകളും കൈകളുമുളള കൗമാരക്കാരന്; ഗിന്നസ് ബുക്കിൽ
Thursday, September 26, 2024 11:52 AM IST
പലരും പല തരത്തില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്ഥാപിക്കാറുണ്ടല്ലൊ. ചിലര്‍ തങ്ങളുടെ അസാധാരണ കഴിവുകള്‍ നിമിത്തമാണ് ഇത്തരത്തില്‍ റിക്കാര്‍ഡുകളില്‍ ഇടം നേടുക. എന്നാല്‍ മറ്റു ചിലര്‍ തങ്ങളുടെ ശാരീരിക പ്രത്യേകതകള്‍ നിമിത്തമാകാം റിക്കാര്‍ഡ് നേടുക.
അത്തരത്തിലൊരാളാണ് എറിക് കില്‍ബേണ്‍ ജൂനിയര്‍. അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള ഈ 16 കാരന് ലോകത്തിലെ ഏറ്റവും വലിയ കാലുകളും കൈകളും ഉള്ള കൗമാരക്കാരനാണ്. അടുത്തിടെ അദ്ദേഹം ഗിന്നസ് റിക്കാര്‍ഡില്‍ ഇപ്രകാരം ഇടംനേടുകയുണ്ടായി. ഒന്നല്ല രണ്ട് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിനുള്ളത്.
എറിക് കില്‍ബേണ്‍ ജൂനിയറിന് ആറ് അടി 10 ഇഞ്ചും കാലുകള്‍ക്ക് 13.5 ഇഞ്ചും വലിപ്പമുണ്ട്. അവന്റെ കൈകള്‍ക്ക് 9.13 ഇഞ്ച് വലിപ്പമുണ്ട്. പ്രായപൂര്‍ത്തിയായ പുരുഷന്റെ ശരാശരി ഷൂ വലുപ്പത്തേക്കാള്‍ വളരെ വലുതാണ് എറിക്കിന്റെ ഷൂ സൈസ്. അമേരിക്കന്‍ സൈസ് 23 ആണ് അവന്റെ ഷൂസൈസ്.
ചെറുപ്രായത്തില്‍ തന്നെ എറിക്കിന്റെ ഈ അസാധാരണ വളര്‍ച്ച വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൃത്യമായ അളവില്‍ ഷൂസ് ഇല്ലാത്തതിനാല്‍ 1.25 ലക്ഷം രൂപ മുടക്കി വേറെ ഷൂസ് തയാറാക്കുകയായിരുന്നത്രെ.
എന്തായാലും എറിക്കിന്റെ കഥ വൈറലായതോടെ പ്യൂമ, അണ്ടര്‍ ആര്‍മര്‍ തുടങ്ങി നിരവധി കമ്പനികള്‍ അദ്ദേഹത്തിന് പാകമാകുന്ന ഷൂകള്‍ വാഗ്ദാനം ചെയ്യാന്‍ മുന്നോട്ട് വന്നു. എന്‍ബിഎ ഇതിഹാസം ഷാക്കിള് ഒ നീല്‍ അദ്ദേഹത്തിന് തന്റെ ഇഷ്ടാനുസൃത സ്നീക്കറുകള്‍ സമ്മാനിക്കുകയുമുണ്ടായി. "ആളുകളെ പ്രചോദിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ഗിന്നസ് റിക്കാര്‍ഡ് നേട്ടത്തില്‍ എറിക് പ്രതികരിച്ചത്.