"കരകൗശലം കൗതുകകരം'; കരടി ആകൃതിയിലുള്ള മണ്‍വീട്
Wednesday, September 25, 2024 12:11 PM IST
പല മനുഷ്യര്‍ക്കും പലതരം വേറിട്ട കഴിവുകള്‍ ഉണ്ടാകുമല്ലൊ. അവയില്‍ പലതും മറ്റുള്ളവരില്‍ വലിയ കൗതുകം ജനിപ്പിക്കും. പ്രത്യേകിച്ച് കലയുള്ളിലുള്ളവര് സമൂഹത്തെ ഞെട്ടിക്കുക തന്നെ ചെയ്യും.
ഇപ്പോള്‍ ഈ "ഞെട്ടിക്കല്സിന്' സമൂഹ മാധ്യമങ്ങള്‍ വേദിയാകാറുണ്ട്. അടുത്തിടെ എക്സിലെത്തിയ ഒരു വീഡിയോ പറയുന്നത് ഒരു കരടി വീടിന്റെ നിര്‍മാണ കൗതുകമാണ്.
ദൃശ്യങ്ങള്‍ ആരംഭിക്കുന്ന ഇടത്ത് ഒരു മനുഷ്യന് ആളൊഴിഞ്ഞ സ്ഥലത്ത് മണ്ണ് കുഴിച്ച് വൃത്തിയാക്കുന്നതാണ്. ശേഷം ഓരോരൊ കമ്പുകള്‍ കൃത്യമായി അടുക്കുന്നു. അതിനുപിന്നാലെ കളിമണ്ണ് പൂശുന്നു. ഒടുവില്‍ കരടിയുടെ തലയുടെ രൂപത്തിലുള്ള ഒരു മണ്‍വീട് ഉണ്ടാകുന്നു.
ഇതിനു പിന്നാലെ അദ്ദേഹം ആ വീടിനകത്ത് തടികൊണ്ട് കിടക്കയും ഇരിപ്പിടവും തീര്‍ക്കുന്നു. നെരിപ്പോടും ജനാലയുമൊക്കെ ആ വീട്ടിലുണ്ട്. പിന്നീട് വീടിന് പുറത്തായി ഇരിപ്പിടവും തീന് മേശയും തയാറാക്കുന്നു. ഭക്ഷണം പാകം ചെയ്തശേഷം അവിടിരുന്നു കഴിക്കുകയും ചെയ്യുന്നു. ശേഷം വിശ്രമിക്കുന്നതായും കാണാം.
രാത്രിയിലെ ദൃശ്യങ്ങള്‍ ഏറെ കൗതുകകരമാണ്. ഉള്ളിലുള്ള മെഴുകുതിരികള്‍ കത്തുന്നത് പുറത്തുനിന്ന് കാണുമ്പോള്‍ കരടിയുടെ കണ്ണുകള്‍ ചുവന്നതുപോലെ കാണാം. വൈറലായി മാറിയ ഈ വീട് പലരെയും ആകര്‍ഷിച്ചു. നിരവധിപേര്‍ അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തി. "ഈ താമസസ്ഥലം ആകര്‍ഷിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.