കടിച്ച പാമ്പിനെ പെട്ടിയിലാക്കി കുടുംബം ആശുപത്രിയില്‍; പിന്നാലെ പ്രാര്‍ഥനയും
Sunday, September 8, 2024 11:42 AM IST
പാമ്പിനെ മിക്കവര്‍ക്കും പേടിയാണല്ലൊ. കാരണം അത് കൊത്തിയാല്‍ മരണംവരെ സംഭവിക്കാം എന്നതുതന്നെ. അതിനാല്‍ ദംശനം ഏറ്റാലുടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തി ചികിത്സ തേടാനാണ് പലരും ശ്രമിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കുടുംബവും ചെയ്തത് അതാണ്. പക്ഷെ കുറച്ച് ട്വിസ്റ്റ് കൂടി അതില്‍ ചേര്‍ത്തെന്ന് മാത്രം.
ഝാന്‍സി ജില്ലയിലെ നന്ദന്‍പുരയിലെ സിപ്രി ബസാറില്‍ സംഗീത് എന്ന 15 കാരനെ പാമ്പ് ദംശിക്കുകയുണ്ടായി. പയ്യന് കിടന്നുറങ്ങുമ്പോഴാണ് കൊത്ത് ഏറ്റത്. കാര്യം മനസിലാക്കിയ കുടുംബം കുട്ടിയുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
എന്നാല്‍ അവര്‍ സംഗീതിനെ മാത്രമല്ല കടിച്ച പാമ്പിനെയും പിടിച്ച് പെട്ടിയിലാക്കി കൊണ്ടുപോയി. ഒരു പാമ്പ് പിടുത്തക്കാരന്റെ സഹായത്തോടെയാണ് പാമ്പിനെ പെട്ടിയിലാക്കയത്. പിന്നാലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് കാര്യം പറഞ്ഞു.
കടിച്ച പാമ്പ് ഏതെന്ന സംശയം തീര്‍ക്കാന്‍ പെട്ടി തുറന്നുകാട്ടി. പാമ്പിനെ കണ്ട് ഡോക്ടറും ആശുപത്രി ജീവനക്കാരും ഞെട്ടി. എന്തായാലും അവര്‍ കുട്ടിയെ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടങ്ങി.
ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ പാമ്പുമായി അത്യാഹിത വാര്‍ഡിന് സമീപമുള്ള ശിവ ക്ഷേത്രത്തിലേക്ക് പോയി. അവിടെച്ചെന്ന് പ്രാര്‍ഥനയും നടത്തി. "താന്‍ പാതി ദൈവം പാതി' എന്നാണല്ലൊ. എന്തായാലും കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.