പുകവലിയില്ല കുടിയില്ല അധികം ഫോണുപയോഗവുമില്ല; ഒരു മാതൃകാ ഗ്രാമം
Tuesday, August 27, 2024 12:43 PM IST
ഇക്കാലത്ത് പുകവലിക്കാത്തവരെയും മദ്യപിക്കാത്തവരെയുമൊക്കെ കണ്ടു കിട്ടുക വിരളമാണ്. ഇതൊക്കെ ശരീരത്തിന് ദോഷം ചെയ്യും എന്നറിഞ്ഞിട്ടും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഒരു ഗ്രാമക്കാര്‍ മുഴവന്‍ കുടിക്കില്ല പുകവലിക്കില്ല എന്നു കേട്ടാലൊ; ഒന്നു ഞെട്ടിയില്ലെ.
പക്ഷെ സംഗതി സത്യമാണ്. ഈ ഇടം മഹാരാഷ്ട്ര സംസ്ഥാനത്താണ്. ഈ മാതൃകാ ഗ്രാമം ജകേകുര്വാഡി എന്നാണ് അറിയപ്പെടുന്നത്. അമര്‍ സൂര്യവംശി എന്നയാളാണ് ഈ ഗ്രാമത്തിലെ സര്‍പഞ്ച്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെറും നാലുവര്‍ഷത്തിനുള്ളില്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് നാടിനുണ്ടായിരിക്കുന്നത്. അദ്ദേഹം ഈ നാട്ടില്‍ മദ്യം നിരോധിക്കുക മാത്രമല്ല മദ്യപിച്ച് അവിടെ എത്തുന്നതും തടുത്തു.
പിന്നീട് ഗ്രാമത്തില്‍ പുകയില കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു. ഇവിടം കൊണ്ടൊന്നും തീരുന്നില്ല ഈ ഗ്രാമീണരുടെ സവിശേഷത. ആളുകള്‍ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ട് ധാരാളം സമയം കളയുന്നു എന്ന് മനസിലാക്കിയ ഗ്രാമത്തലവന് മറ്റൊരു തീരുമാനം എടുത്തു.
അതെന്തന്നാല്‍ വൈകുന്നേരം ആറുമുതല്‍ എട്ട് വരെ ഈ ഗ്രാമത്തില്‍ എല്ലാവരും മൊബൈല്‍ ഫോണും ടിവിയും ഓഫാക്കി വയ്ക്കുക. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി പഠിക്കാന്‍ കഴിയുമത്രെ.
ഇതൊന്നും പോരാഞ്ഞ് ഗ്രാമത്തിന്റെ നിര്‍മാണത്തിലും അമര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഗ്രാമത്തില്‍ ഒരു ഭൂഗര്‍ഭ അഴുക്കുചാലും പൊതുജന പങ്കാളിത്തത്തിനായി മുതിര്‍ന്നവര്‍ക്ക് ഇരിക്കാനുള്ള ബെഞ്ചുകളും ഉണ്ട്. അടുത്തിടെ സര്‍പഞ്ച് അമര്‍ സൂര്യവംശിയുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ 5000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
ഈ മാതൃകാ ഗ്രാമത്തില്‍, എല്ലാ മഹാന്മാരുടെയും ജന്മദിനങ്ങളും എല്ലാ മതപരമായ ഉത്സവങ്ങളും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വെറും നാലു വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഈ കൊച്ചുഗ്രാമം...