""എന്റെ കുഴി ദൈവങ്ങളേ...'' ഗട്ടറുകൾ നികത്താൻ പൂജ നടത്തി നാട്ടുകാർ!
Saturday, August 24, 2024 12:24 PM IST
എന്തിനെതിരേയുള്ള പ്രതിഷേധമാണെങ്കിലും അധികൃതരുടെ ശ്രദ്ധയിൽപ്പെടാനും പരിഹാരമുണ്ടാകാനും സമരപരിപാടി കുറച്ചു വ്യസ്തമായിരിക്കണം. ഇത് മനസിലാക്കി സമരം വേറിട്ടതാക്കാൻ പ്രതിഷേധക്കാർ ശ്രമിക്കാറുമുണ്ട്.
റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരേ ബംഗളൂരു നഗരത്തിലെ ജയനഗർ പ്രദേശവാസികളുടെ പ്രതിഷേധവും അത്തരത്തിൽ ഒന്നായി. റോഡ് നന്നാക്കാൻ പല മാർഗങ്ങൾ നോക്കിയിട്ടും അധികൃതർ കണ്ട ഭാവം നടിക്കാതെ വന്നതോടെ ഒടുവിൽ കുഴികളിൽ പൂജ നടത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
അതാകട്ടെ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വരമഹാലക്ഷ്മീ വ്രത ദിനത്തിലായിരുന്നു കുഴിപൂജ. വിഗ്രഹങ്ങളെ പൂജിക്കുമ്പോൾ ചെയ്യുംപോലെ പൂങ്കുലകൾ, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ കുഴിയിലേക്ക് എറിഞ്ഞ് ഒരു സ്ത്രീയും പുരുഷനും ചേർന്നാണ് പൂജ നടത്തിയത്.
സമരം ക്ലിക്കായെങ്കിലും റോഡ് നന്നാക്കാൻ പെട്ടെന്നൊരു നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പതിനായിരം പൂജകൾ നടത്തിയാലും ആ കുഴി അവിടെതന്നെ കാണുമെന്നായിരുന്നു സോഷ്യൽമീഡിയയിലെ ഒരു കമന്റ്.