മഴത്തുള്ളികള്‍ എണ്ണിത്തിട്ടപ്പെടുത്തിയ മനുഷ്യന്
Friday, August 23, 2024 12:16 PM IST
മഴ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണല്ലൊ. കവികള്‍ ഇതിനെ കുറിച്ച് വര്‍ണിക്കും. മിക്കവരും വര്‍ണനയ്ക്ക് നില്‍ക്കാതെ മഴ നനയാനായി ആഗ്രഹിക്കും. അതില്‍ പലരും പനിയെ പേടിച്ച് ഇറങ്ങാറില്ല താനും.
എന്നാല്‍ മഴയത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഒരാള്‍ ചെയ്തത് കുറച്ച് വേറിട്ട കാര്യമായിരുന്നു. അതെന്തന്നാല്‍ പുള്ളി മഴത്തുള്ളികളെ എണ്ണിത്തിട്ടപ്പെടുത്തുകയാണ് ചെയ്തത്. ലക്ഷക്കണക്കിനാളുകള്‍ ഫോളോവേഴ്സുള്ള "ഔട്ട് ഓഫ് മൈന്‍ഡ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിചിത്രമായ പ്രവര്‍ത്തനം എത്തിയത്.
വീഡിയോ ദൃശ്യങ്ങളില്‍ ഒരു യുവാവ് നല്ല മഴയത്ത് ടെറസില്‍ നില്ക്കുന്നു. പിന്നീട് ഒരു കട്ടിലില്‍ ഒരു കറുത്ത ടാര്‍പ്പോളില്‍ വിരിക്കുന്നു. തുടര്‍ന്ന് അദ്ദേഹം ഷീറ്റിന്റെ വിസ്തീര്‍ണം അളന്നു, അത് 17.92 ചതുരശ്ര അടിയായിരുന്നു.
മഴ പെയ്യാന്‍ തുടങ്ങിയതോടെ മഴത്തുള്ളികള്‍ ഷീറ്റില്‍ വീണു. ശേഷം 11 മിനിറ്റും 19 സെക്കന്‍ഡും ഒരു ടൈമര്‍ സജ്ജമാക്കി. അത്രയും നേരം മഴ പെയ്തതിന് ശേഷം ശ്രദ്ധാപൂര്‍വം ഷീറ്റില്‍ നിന്ന് വെള്ളം ശേഖരിച്ച് ഒരു മണ്‍പാത്രത്തിലേക്ക് ഒഴിച്ചു.
പിന്നീട് ഒരു കുടത്തില്‍ പൈപ്പ് ഘടിപ്പിച്ച് വെള്ളം സാവധാനം പുറത്തേക്ക് ഒഴുകാന്‍ അനുവദിച്ചു. തുള്ളികള്‍ വീഴുമ്പോള്‍ പിടിക്കാന്‍ മറ്റൊരു പാത്രം അടിയില്‍ വച്ചു. മഴത്തുള്ളികള്‍ വീഴുമ്പോള്‍ ടൈമര്‍ ഉപയോഗിച്ച് എണ്ണിനോക്കി.
പരീക്ഷണത്തിനൊടുവില്‍ 58,865 തുള്ളി വെള്ളം കലത്തില്‍ വീണതായി അദ്ദേഹം അവകാശപ്പെടുന്നു. വൈറലായി മാറിയ കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയില്‍' എന്നാണൊരാള്‍ കുറിച്ചത്.
"കണക്ക് തെറ്റാണ്. ചില തുള്ളികള്‍ കലങ്ങളാല്‍ ആഗിരണം ചെയ്യപ്പെടുകയോ പൈപ്പില്‍ കുടുങ്ങിപ്പോകുകയോ ചെയ്യും' എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.