ട്രെയിന്‍ ചുറ്റുമതിലായുള്ള റെയില്‍വേ ജീവനക്കാരന്; കൗതുകം
Wednesday, August 14, 2024 3:22 PM IST
ആളുകള്‍ തങ്ങളുടെ വീടുകളെ മോടി പിടിപ്പിക്കാനും വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ടല്ലൊ. കലാപരമായ മനസുള്ളവര്‍ തങ്ങള്‍ക്കിഷ്ടമുള്ള പരീക്ഷണങ്ങളൊക്കെ വീട്ടില്‍ നടത്തും. വീടിന്റെ ആകൃതിയൊ കിണറിന്റെ പൂക്കൂട ആകൃതിയൊ ഒക്കെ അതിന്റെ തെളിവാണല്ലൊ.
ഇത്തരത്തില്‍ വേറിട്ട ഒന്ന് അങ്ങ് കോഴിക്കോടും കാണാം. ഇവിടെ പാലങ്ങാട് എന്നയിടത്തെ മുഹമ്മദ് എന്നയാളുടെ വീടാണ് ഈ ഗണത്തിലുള്ളത്.
എക്സിലെത്തിയ ഒരു വീഡിയോയില്‍ ഈ വീടിന്റെ വേറിട്ട ചുറ്റുമതിലിന്റെ കാര്യം കാട്ടുന്നു. ഒരു ട്രെയിനിന്റെ ആകൃതിയിലാണിത്. എന്ജിന് മുതല്‍ കംമ്പാര്‍ട്ടുമെന്റുകള്‍ വരെ കാണാം. ദൃശ്യങ്ങളില്‍ ഒറ്റക്കാഴ്ചയില്‍ ഒരു ട്രെയിന്‍ റോഡിന്റെ വശത്ത് എന്നാണ് തോന്നുക. പിന്നീടാണ് ഇതൊരു ചുവരാണെന്ന് മനസിലാകുന്നത്.
വീട്ടുടമ റെയില്‍വേ ജീവനക്കാരനെന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്. അദ്ദേഹം കല്ലായി റെയില്‍വേ സ്റ്റേഷനിലാണത്രെ ജോലി ചെയ്യുന്നത്. 2019 ലാണ് ഈ ഭിത്തി കെട്ടിയതെന്നാണ് വിവരം. എന്തായാലും എഞ്ചിന്, എസി കോച്ചുകള്‍ എന്നിവയടക്കമുള്ള ഈ ചുവര് അറിഞ്ഞവര്‍ക്ക് കൗതുകം സമ്മാനിക്കുകയാണ്.