നീന്തി നീന്തി കാര്യാലയമെത്തുന്ന സ്വിസുകാര്‍; കൗതുകമെന്ന് നെറ്റിസണ്‍സ്
Tuesday, August 13, 2024 12:16 PM IST
തിങ്കളാഴ്ച രാവിലത്തെ ട്രെയിനും ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളിലെ രാവിലത്തെ ബസും പറയും ജോലിക്ക് പോകുന്നവരുടെ ബുദ്ധിമുട്ട്. അത്രയ്ക്ക് തിരക്കായതിനാല്‍ ഏറെ ക്ലേശകരമായാണ് പലരും ജോലിക്ക് പോവുക.
ഇനി സ്വന്തം വാഹനത്തില്‍ പോകാമെന്ന് വിചാരിച്ചാല്‍ ഗതാഗതക്കുരുക്ക് വിലങ്ങുതടിയാകും. നമ്മുടെ നാട്ടില്‍ ഇങ്ങനയാണെങ്കില്‍ വലിയ നഗരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലൊ.
എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡുകാരെ ഇക്കാര്യത്തില്‍ അങ്ങനെയങ്ങ് തോല്പിക്കാന് കഴിയില്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. അതിനു കാരണം ജോലിക്ക് പോകാന്‍ അവര്‍ കണ്ടു പിടിച്ച ഒരു ഉപായമാണ്.
റോഡിലെ ട്രാഫിക് ബ്ലോക്കിലൂടെ പോകുന്നതിലും എളുപ്പം എന്ന് കരുതി ഇവര്‍ ചെയ്യുന്നത് നീന്തി ജോലിക്ക് പോവുക എന്നതാണ്. തലസ്ഥാനമായ ബേണിലാണത്രെ ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. അതായത് തൊഴിലാളികള്‍ റൈന്‍ നദിയിലൂടെ ഒഴുകി ജോലിക്ക് പോകുന്നു.
ജോലി സ്ഥലത്ത് ധരിക്കേണ്ട വസ്ത്രങ്ങളൊക്കെ ഒരു വാട്ടര്‍ പ്രൂഫ് ബാഗിലാക്കി നദിയിലേക്ക് ഒറ്റച്ചാട്ടമാണ്. ഒട്ടനവധിപേര്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നുണ്ടത്രെ. സ്ഥിരം പരിചയക്കാരോട് കുശലവും പറഞ്ഞു നീന്തിനീന്തി മറുകര എത്തുമ്പോള്‍ ഒരു വ്യായമം കൂടിയായെന്നാണ് ചിലര്‍ കരുതുന്നത്.
ബേണ്‍, സൂറിച്ച്, ജനീവ, ബാസല്‍ തുടങ്ങിയ പ്രധാന സ്വിസ് നഗരങ്ങളിലൊക്കെ നീന്തല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. 1980-കള്‍ മുതല്‍, സ്വിസ് സര്‍ക്കാര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ട് നദികള്‍ സുരക്ഷിതവും നീന്തല്‍ക്കാര്‍ക്ക് ആക്സസ് ചെയ്യാവുന്നതുമാക്കി.
നെറ്റിസണ്‍സിന് കൗതുകമാണെങ്കിലും അന്നാട്ടുകാര്ക്കിത് ഇതൊരു സ്ഥിരം കാഴ്ചയാണ്. 44 നദികളുള്ള നമ്മുടെ നാട്ടിലും ഇതൊക്കെ വരുമൊ ആവോ...