വഴിപാടുകള്‍ അപ്ഗ്രേഡ് ചെയ്തു! ദൈവത്തിന് അവൊക്കാഡോ നല്കിയപ്പോള്
Friday, August 2, 2024 11:41 AM IST
ലോകത്ത് വിശ്വാസികളും നിരീശ്വരവാദികളും ഉണ്ടല്ലൊ. വിശ്വാസികള്‍ തങ്ങളുടെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ പല വഴികള്‍ ചെയ്യാറുണ്ട്. ചിലര്‍ പ്രാര്‍ഥനയില്‍ മുഴുകും. വേറെ ചിലര്‍ വഴിപാടുകളും നേര്‍ച്ചകളുമൊക്കെ നടത്തും.
നമ്മുടെ നാട്ടില്‍ സാധാരണയായി വഴിപാടില്‍ കാണാറുള്ളത് പഴവര്ഗങ്ങളൊക്കെയാണ്. ഉണങ്ങിയ പഴങ്ങള്‍, വാഴപ്പഴം, ആപ്പിള്‍ എന്നിവ എല്ലായ്പ്പോഴും ഹിന്ദു പൂജാ വഴിപാടുകളുടെ ഭാഗമാണ്.
എന്നാല്‍ കാലം മാറിയപ്പോള്‍ വഴിപാടുകള്‍ അപ്ഗ്രേഡുചെയ്തൊ എന്ന സംശയമാണ് നെറ്റിസണ്‍സ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. അതിനുകാരണം കഴിഞ്ഞദിവസം എക്സിലെത്തിയ ഒരു ചിത്രമാണ്.
ചിത്രം ബംഗളൂരുവില്‍ നിന്നുള്ളതാണ്. ഇതില്‍ ദൈവങ്ങളുടെ ചിത്രത്തിന് മുന്നില്‍ സാധാരണ പഴങ്ങള്‍ക്ക് പകരം അവൊക്കാഡോ സമര്‍പ്പിച്ചിരിക്കുന്നതായി കാണാം. ധര്‍മ്മേഷ് ബാ എന്നയാളാണ് ഈ കാര്യം പങ്കുവച്ചത്.
അദ്ദേഹത്തിന്റെ മാതാപിതാക്കളാണത്രെ ഇത്തരത്തില്‍ മതപരമായ ആചാരങ്ങള്‍ക്ക് വിദേശ പഴം ഉപയോഗിച്ചത്. "മാതാപിതാക്കള്‍ നഗരത്തിലാണ്, ദൈവത്തിനുള്ള അവരുടെ വഴിപാടുകള്‍ വാഴപ്പഴത്തില്‍ നിന്ന് അവൊക്കാഡോകളിലേക്ക് അപ്ഗ്രേഡുചെയ്തു' എന്നാണ് ധര്‍മേഷ് കുറിച്ചത്.
എന്നാല്‍ ഈ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി. "വിദേശ പഴം സമര്‍പ്പിക്കുന്നത് ഉചിതമല്ല' എന്നാണൊരാള്‍ കുറിച്ചത്.