25 വിരലുകളുമായി നവജാതശിശു! ദൈവാനുഗ്രഹമെന്ന് അച്ഛൻ
Thursday, July 25, 2024 12:13 PM IST
കർണാടക ബാഗൽകോട്ടിൽ കഴിഞ്ഞദിവസം ജനിച്ച ശിശു വാർത്തകളിൽ താരമായി. 13 കൈവിരലുകളും 12 കാല്വിരലുകളുമാണ് ഈ ആൺകുഞ്ഞിനുള്ളത്. വലതുകൈയില്‍ ആറു വിരലുകളും ഇടതുകൈയില്‍ ഏഴു വിരലുകളും.
ഒരോ കാലിലും ആറു വിരലുകൾ വീതവും. ആകെ 25 വിരൽ. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശിശുക്കളില്‍ വിരലുകൾ കൂടുതലുണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണിത്. പോളിഡാക്റ്റിലി എന്നാണ് ഇത്തരം വൈകല്യമറിയപ്പെടുന്നത്. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്നും ഇത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും അച്ഛനായ ഗുരപ്പ പറഞ്ഞു.
ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നല്കാൻ സാധിച്ചതില്‍ സന്തോഷമെന്ന് 35 കാരിയായ അമ്മ ഭാരതിയും പറഞ്ഞു.