മൂന്ന് വർഷം മുൻപ് കാണാതായ ആൾ സർക്കാർ പരസ്യത്തിൽ
Tuesday, July 23, 2024 3:28 PM IST
മഹാരാഷ്ട്രയിലെ പൂനെയിൽനിന്നു മൂന്നു വർഷം മുമ്പ് കാണാതായ വയോധികന്റെ ചിത്രം സർക്കാർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസിനെ സമീപിച്ച് കുടുംബം. 68 വയസുകാരനായ ധ്യാനേശ്വർ താംബെയുടെ ഫോട്ടോയാണ് പരസ്യത്തിൽ വന്നത്.
സംസ്ഥാന സർക്കാർ പദ്ധതിയായ തീർഥ് ദർശൻ യോജനയുടെ പ്രചാരണത്തിനായുള്ള പരസ്യം സാമൂഹിക മാധ്യമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. പരസ്യം കണ്ട സുഹൃത്തുക്കളിൽ ചിലർ താംബെയുടെ മകനായ ഭരത് താംബെയെ വിവരം അറിയിക്കുകയായിരുന്നു.
അദ്ദേഹമാണ് അച്ഛനെ കണ്ടെത്താൻ പോലീസിന്റെ സഹായം തേടിയത്. ഈ ഫോട്ടോ ഉപയോഗിച്ച് കാണാതായ വ്യക്തിയെ കണ്ടെത്തണമെന്നാണ് പരാതിയിൽ അഭ്യർഥിച്ചിരിക്കുന്നത്. പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ആളിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പേലീസ് പറഞ്ഞു.
അതേസമയം പരസ്യം നിലവിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ധ്യാനേശ്വർ താംബെയെ കാണാതായ സമയത്ത് കുടുംബാംഗങ്ങളാരും പരാതി നൽകിയിരുന്നില്ല. വീട്ടിൽ ആരോടും പറയാതെ ചില ബന്ധു വീടുകളിൽ പോയി താമസിക്കുന്ന ശീലമുണ്ടായിരുന്നതിനാണ് അന്ന് പരാതി നൽകാതിരുന്നതെന്നാണ് ഇതിനുള്ള വിശദീകരണം.