പോലീസ് സ്റ്റേഷന് വളപ്പില്‍ പണിത ക്ഷേത്രത്തില്‍ പ്രണയവിവാഹം
Monday, July 22, 2024 12:41 PM IST
പ്രണയത്തെക്കുറിച്ച് പണ്ട് കവിതകളും ഇന്ന് സ്റ്റാറ്റാസുകളും ധാരാളം കാണാനാകും. പ്രണയം അന്തമാണെന്നും ഏഴു ജന്മമെന്നും ഒക്കെ ആളുകള്‍ കുറിച്ചിടും. എന്നാല്‍ പ്രണയവിവാഹങ്ങള്‍ ഇപ്പോഴും ചിലയിടങ്ങളില്‍ നിഷിദ്ധമായി പരിഗണിക്കപ്പെടുന്നു.
അതിനു കാരണം പണം, ജാതി, മതം എന്നിവയൊക്കെത്തന്നെ. അതിന് അന്നുമിന്നും വലിയ മാറ്റമില്ല. പണ്ട് കമിതാക്കള്‍ കരഞ്ഞ് പിരിഞ്ഞ് കാലം കഴിയ്ക്കുമായിരുന്നു. ഇടക്കാലത്ത് ഒരുമിച്ച് ജീവനൊടുക്കുന്നവരും കൂടുതലായിരുന്നു.
എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ നിയമത്തെക്കുറിച്ച് പലരും ബോധവാന്മാരായി. ഇതോടെ പല പോലീസ് സ്റ്റേഷനുകളും വിവാഹവേദിയായി. പല എസ്ഐ മാരും കാര്ന്നവരായി ദമ്പതികളെ അനുഗ്രഹിക്കുന്ന സാഹചര്യമായി.
അത്തരത്തിലൊരു സംഭവം അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്നു. ബന്ദ ജില്ലയിലെ അടാര പോലീസ് സ്റ്റേഷനില്‍ ഒരു യുവാവും യുവതിയും എത്തുകയുണ്ടായി. അടാര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവതിക്ക് മധ്യപ്രദേശിലെ ചിത്രകൂട് സ്വദേശിയെ വിവാഹം കഴിക്കണമത്രെ.
ആവശ്യംകേട്ട പോലീസുകാര്‍ കാര്യവിവരങ്ങള് തിരക്കി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണത്രെ. എന്നാല്‍ കാമുകനുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ലത്രെ. തങ്ങളെ വിവാഹം കഴിപ്പിക്കാന്‍ യുവതി പോലീസിനോട് ആവശ്യപ്പെട്ടു.
പോലീസുകാര്‍ പെണ്‍വീട്ടുകാരുമായി ആശയവിനിമയം നടത്തി. പെണ്‍കുട്ടി ദരിദ്ര ആയതിനാല്‍ യുവാവ് അവളെ പിന്നീട് ഉപേക്ഷിച്ചേക്കാം എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാല്‍ പോലീസ് ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ അവര്‍ സമ്മതിച്ചു.
തുടര്‍ന്ന പോലീസ് സ്റ്റേഷന് വളപ്പില്‍ പണിത ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. യുപി പോലീസുകാരാണത്രെ ഹാരം സമ്മാനിച്ചത്. വിവാഹത്തിനുള്ള രേഖകളും അവര്‍ ശരിയാക്കി. കോടതി നടപടികളും പൂര്‍ത്തീകരിച്ച് വധൂവരന്മാര്ക്ക് ആശംസയും നേര്‍ന്നു.
സംഗതി വൈറലായതോടെ വധൂവരന്മാര്ക്ക് ആശംസ നേര്‍ന്നവര്‍ യുപി പോലീസിന് അഭിനന്ദവും പറഞ്ഞു...