ജാക്സണ്‍വില്ലിലെ നടപ്പാതയുടെ നടുവിലെ ശവകുടീരം
Saturday, July 20, 2024 11:51 AM IST
മരണം അവസാനമായും തുടക്കമായും കരുതുന്ന ആളുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അതിനുത്തരങ്ങള്‍ കണ്ടെത്താന്‍ യാത്ര ചെയ്യുന്ന നിരവധി മനസുകളുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവൃത്തികള്‍ നിമിത്തം മരണത്തിനിപ്പുറവും ജീവിതമുള്ളവരുണ്ട്.
ഫ്ലോറിഡയിലെ ഒരു നഗരമാണ് ജാക്സണ്‍വില്‍. ഇവിടെ ഒരു റോഡരികിലായി ഒരു മനുഷ്യന്റെ ശവകുടീരം കാണാം. തോംസണ്‍ വില്യംസ് എന്ന മനുഷ്യന്റെ സ്മൃതി കുടീരമാണത്. 1908 ഒക്ടോബര്‍ 28-ന് ആണ് അദ്ദേഹം മരണപ്പെട്ടത്.
വെളുത്ത വംശജയായ ഒരു സ്ത്രീയെ ഒരാള്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാല്‍ തോംസണ്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ടുതവണ അദ്ദേഹത്തിന് വെടിയേറ്റിട്ടും ഒരു സ്ത്രീയ്ക്കെതിരായ ആക്രമണം അദ്ദേഹം തടയാന്‍ ശ്രമിച്ചത്രെ. അതിനാല്‍ അദ്ദേഹത്തിന്റെ മരണത്തെ മറ്റുള്ളവര്‍ ബഹുമാനത്തോടെ കാണുന്നു.
നിരത്തിലുള്ള ശവകുടീരത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്. "ഒരു വെള്ളക്കാരിയുടെ മാനവും ജീവനും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ മുറിവുകളില്‍ നിന്ന് 1908 ഒക്ടോബര്‍ 28-ന് മരണമടഞ്ഞ നീഗ്രോക്കാരനായ തോംസണ്‍ വില്യംസിന്റെ ശവകുടീരത്തെ ഈ ടാബ്ലറ്റ് അടയാളപ്പെടുത്തുന്നു.'
ആ മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടുത്തുള്ള ഒരു സെമിത്തേരിയില്‍ ആയിരുന്നു അന്ന് അടക്കം ചെയ്തത്. പിന്നീട് ഒരു പാര്‍ക്കായി അത് രൂപാന്തരപ്പെട്ടു. എന്നാല്‍ പാര്‍ക്കിലൊ നവീകരിച്ച സെമിത്തേരിയിലൊ കണേണ്ട ഈ കല്ലറ എങ്ങനെ നിരത്തിൽ സ്ഥാനം നേടി എന്നത് ആര്‍ക്കും ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി തുടരുന്നു.