ഇതല്ല, എന്റെ വധു..! വിവാഹവേദി വിട്ടിറങ്ങി വരൻ
Friday, July 19, 2024 2:25 PM IST
ഒരുപാട് പെണ്ണുകാണൽ ചടങ്ങുകൾക്കുശേഷമാണ് പലരുടെയും കാര്യത്തിൽ വിവാഹം ഉറയ്ക്കുന്നത്. അങ്ങനെ നേരിൽ കണ്ട് ഇഷ്ടപ്പെട്ടുറപ്പിച്ച പെണ്ണല്ല വിവാഹവേദിയിൽ വധുവായി എത്തുന്നതെങ്കിൽ ഏത് വരനാണു സഹിക്കാൻ പറ്റുക.
അത്തരമൊരു കബളിപ്പിക്കലിന് ഒരു യുവാവ് ഇരയായ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ബിഹാറിലെ ഗൈഘട്ട് സ്വദേശിയാണു ഗതികേടിലായ വരൻ. വിവാഹദിവസം കൃത്യസമയത്തുതന്നെ വരനും സംഘവും ഘോഷയാത്രയായി ധൂം നഗറിലുള്ള വധൂഗൃഹത്തിലെത്തി. ഗംഭീരമായ വരവേല്‍പ്പാണ് വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്.
എന്നാല്‍, വിവാഹവേദിയില്‍ വരണമാല്യം അണിയിക്കുന്നതിനു തൊട്ടുമുൻപ് വരൻ ആ സത്യം മനസിലാക്കി -താനുമായി വിവാഹമുറപ്പിച്ച യുവതിയല്ല നവവധുവായി തന്റെ മുന്നിൽ നിൽക്കുന്നത്.
തകർന്നുപോയ യുവാവ് വിവാഹത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് വേദി വിട്ടിറങ്ങി. ബന്ധുക്കൾക്കൊപ്പം ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്കി. പരാതി ഗൗരവത്തിലെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ വധുവിന്റെ വീട്ടുകാരുടെ ഭാഗത്താണു തെറ്റെന്നു കണ്ടെത്തി.
വരന്റെ അമ്മ കൊടുത്ത ലെഹങ്ക ഇഷ്ടപ്പെടാത്ത വധു വിവാഹത്തിന് വിസമ്മതിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വരനും കൂട്ടരും വീട്ടിലെത്തിയിട്ടും വധു വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതേത്തുടർന്നു വാക്ക് പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വധുവിന്റെ വീട്ടുകാര്‍, വധുവിന്റെ സഹോദരിയെ വിവാഹവസ്ത്രം ധരിപ്പിച്ച് വിവാഹവേദിയില്‍ നിര്‍ത്തുകയായിരുന്നു.
നിജസ്ഥിതി മനസിലാക്കിയ പോലീസ് യഥാര്‍ഥ വധുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇരുകൂട്ടരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചർച്ചയിൽ വധുവിന്റെ മനസ് മാറുകയും വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ വച്ചുതന്നെ വിവാഹം നടന്നുവെന്നാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പറയുന്നത്.