"ഒരിക്കലും പ്രായമാകാത്ത മനുഷ്യനെ' കുറിച്ച്...
Thursday, July 18, 2024 12:19 PM IST
കാലം കടന്നുപോകുമ്പോള്‍ പ്രായമേറുമെന്നത് ഒരു വസ്തുതയാണല്ലൊ. അങ്ങനെ പ്രായം ഏറുമ്പോള്‍ നമ്മുടെയൊക്കെ രൂപം മാറും. മിക്കപ്പോഴും ത്വക്ക് ചുളിഞ്ഞും കണ്ണുകുഴിഞ്ഞും മുടി നരച്ചുമൊക്കെ നാം ഈ ലോകത്തിന് മുന്നിലെത്തും.
എല്ലാവര്ക്കും ഇത് സംഭവിക്കുന്നു എന്നതിനാല്‍ മിക്കവരും അതിലത്ര വിഷണ്ണരാവില്ല. എന്നാല്‍ പലരിലും ഒരു സങ്കടം ഉണ്ടാകും.എന്നാൽ ഒരിക്കലും പ്രായം ബാധിക്കാത്ത മനുഷ്യര്‍ ഈ ലോകത്തുണ്ടാകുമൊ. ഇല്ലെന്ന് തറപ്പിച്ച് പറയാന്‍ വരട്ടെ.
കാരണം സിംഗപ്പൂരില്‍ നിന്നു ഒരു വ്യക്തി ഇക്കാര്യത്തില്‍ നമ്മളെ ഞെട്ടിക്കും. ചുവാന്‍ഡോ ടാനെ എന്നയാളാണ് കക്ഷി. ഇദ്ദേഹത്തിന് നിലവില്‍ 58 വയസായി. എന്നാല്‍ ആളെ നേരിട്ടു കണ്ടാല്‍ ആരും ഞെട്ടും. കാരണം 25 വയസിനപ്പുറം ഒരിക്കലും പറയില്ല.
നേരിട്ട് മാത്രമല്ല നെറ്റിസനെയും ഞെട്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറായ ചുവാന്‍ഡോ ടാന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആളുകള്‍ വിസ്മയിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ ത്വക്കില്‍ ഒരു ചുളിവും കാണാന്‍ ഇല്ല.
1990 കളില്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനുമുമ്പ്, ഒരു ചെറിയ കാലം പോപ്പ് അവതാരകനായിരുന്നു അദ്ദേഹം. 2020-ല്‍ പ്രെഷ്യസ് ഈസ് ദ നൈറ്റ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് സ്വന്തമായി "ചുവാന്‍ഡോ & ഫ്രേ' എന്ന സ്റ്റുഡിയോയുണ്ട്.
ശസ്ത്രക്രിയകളൊ മറ്റൊ കൂടാതെ ഒരാള്‍ ഇത്തരത്തില്‍ യൗവനം നിലനിര്‍ത്തുന്നത് ആളുകളെ ഞെട്ടിക്കുകയാണ്. ജനിതക പ്രത്യേകതയാണ് ഇതിന് കാരണമെന്ന് ചിലര്‍ പറയുന്നു. സിംഗപ്പൂരിലെ വായുവിന്റെ ഗുണനിലവാരം, ഒന്നാംതരം ആരോഗ്യസംരക്ഷണ സംവിധാനം എന്നതൊക്കെയാണ് നിത്യ യൗവനത്തിന്റെ രഹസ്യമെന്ന് മറ്റു ചിലര്‍ കരുതുന്നു.
എന്നാല്‍ തന്റെ ആഹാരക്രമവും ജീവിതചര്യയുമാണ് ഈ യൗവന രഹസ്യമെന്ന് ചുവാന്‍ഡോ പറയുന്നു. ഭക്ഷണം നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന്റെ 70ശതമാനം സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം കരുതുന്നു. എന്തായാലും കാലത്തിന് വെല്ലുവിളി ഉയര്‍ത്തി അദ്ദേഹം തന്റെ യൗവനവുമായി മുന്നോട്ട്തന്നെ...