"പ്രേതപ്പടം'; തായ്ലന്ഡിലെ സെമിത്തേരിയില്‍ സിനിമാ പ്രദര്‍ശനം
Friday, July 12, 2024 11:15 AM IST
ചലച്ചിത്രം ഇഷ്ടമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. പ്രേത സിനിമകള്‍ക്ക് ധാരാളം ആരാധകരും കാണും. എന്നാല്‍ മരിച്ചവര്‍ക്കായി സിനിമാ പ്രദര്‍ശനം ഒരുക്കി എന്ന് കേട്ടാല്‍ ആരും ഞെട്ടില്ലെ.
പക്ഷെ സംഗതി സത്യമാണ്. അങ്ങ് തായ്ലന്ലെ ഒരു ചൈനീസ് സെമിത്തേരിയിലാണ് അതുല്യവും കൗതുകകരവുമായ ഇക്കാര്യം സംഭവിച്ചത്. നഖോണ്‍ റാച്ചസിമ പ്രവിശ്യയിലെ ശ്മശാനത്തിലാണ് ആത്മാക്കള്‍ക്കായി സിനിമ പ്രദര്‍ശനം ഒരുക്കിയത്. ഏകദേശം 2,800 ഓളം പേരെ അടക്കം ചെയ്ത സെമിത്തേരിയാണ് ഇത്.
തായ്ലന്ലെ സവാംഗ് മെട്ട തമ്മസതന്‍ ഫൗണ്ടേഷനാണ് ഈ സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. ജൂണ്‍ രണ്ട് മുതല്‍ ആറുവരെയായിരുന്നു പ്രദര്‍ശനം. രാത്രി ഏഴുമുതല്‍ മുതല്‍ അര്‍ദ്ധരാത്രി വരെ ആയിരുന്നു ഷോ ടൈം. ഇവിടെ ആത്മാക്കള്‍ക്കിരിക്കാനായി ഒഴിഞ്ഞ കസേരകള്‍ നിരത്തി. കൂടാതെ ജീവനക്കാര്‍ ആത്മാക്കള്‍ക്കായി ഒരു വിരുന്ന് ഒരുക്കി.
തായ്ലന്ല് ജനസംഖ്യയുടെ 94.5 ശതമാനം പേരും ബുദ്ധമതം പിന്തുടരുന്നവരാണ്. കൂടാതെ ഇവര്‍ പുനര്‍ജന്മത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നവരും ആണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ ഇത്തരത്തിലുള്ള ചടങ്ങുകളിലൂടെ സാധിക്കുമെന്ന് ഇവര്‍ കരുതുന്നു.
എന്തായാലും സംഗതി അറിഞ്ഞവരെ അമ്പരപ്പിക്കുകയാണ്. "മരണപ്പെട്ടയാള്‍ക്ക് അസാധാരണമായ രീതിയില്‍ സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കും' എന്നാണ് ചിലര്‍ പറയുന്നത്.