35 ദിവസത്തിനിടെ ആറ് തവണ പാമ്പു കടിയേറ്റ യുവാവ്; അതിശയമെന്ന് നെറ്റിസണ്‍സ്
Thursday, July 11, 2024 12:56 PM IST
പാമ്പ് ദംശിച്ചാല്‍ സംഭവിക്കുന്നത് എന്തെന്ന് പറയേണ്ടതില്ലല്ലൊ. കൃത്യമായ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 54 ലക്ഷം പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍, പ്രതിവര്‍ഷം ഏകദേശം 50,000 മരണങ്ങള് ഇത്തരത്തില്‍ സംഭവിക്കുന്നത്രെ.
അടുത്തിടെ യുപിയില്‍ നിന്നുള്ള ഒരു യുവാവിനെ പാമ്പ് കടിച്ചത് വളരെ വാര്‍ത്തയാവുകയാണ്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള വികാസ് ദുബെ എന്നയാളാണ് ഇത്തരത്തില്‍ വാര്‍ത്തയാകുന്നത്.
കാരണം കഴിഞ്ഞ 35 ദിവസത്തിനിടെ ഈ 24 കാരനെ ആറുവട്ടമാണ് പാമ്പുകള്‍ ദംശിച്ചത്. ഓരോ തവണയും പാമ്പുകടിയേല്‍ക്കുമ്പോള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്കി രക്ഷപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ജൂണ്‍ രണ്ടിന് ആയിരുന്നു വികാസിനെ ആദ്യമായി പാമ്പു കൊത്തിയത്. കിടക്കയില്‍ നിന്ന് എണീക്കുന്നതിനിടയിലാണ് വികാസിനെ പാമ്പ് കടിച്ചത്. പിന്നെ ജൂണ്‍ രണ്ടിനും ജൂലൈ ആറിനും ഇടയിലായി യുവാവിന് ആറ് തവണ പാമ്പുകടിയേറ്റു. നാലാം തവണ പാമ്പുകടിയേറ്റപ്പോള്‍ യുവാവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.
എന്നാല്‍ ഇത്രയും തവണ പാമ്പ് കടിച്ച് ചികിത്സ തേടുന്ന യുവാവ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. മൂന്നാം തവണയും പാമ്പുകടിയേറ്റ ശേഷം വികാസ് ഗ്രാമത്തില്‍ നിന്നും മാറിത്താമസിച്ചിരുന്നു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ പാമ്പ് അവിടെ വെച്ചും ദംശിച്ചു.
ഇതോടെ അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി ആറാമത്തെ ദംശനവും ഉണ്ടായി. വിചിത്രമായ ഈ സംഭവത്തിന് പിന്നില്‍ എന്താണെന്ന ചിന്തയിലാണ് നെറ്റിസണ്‍സ്. "എന്തായാലും എണ്ണം കൂടാതെ വികാസ് സുഖമായി ജീവിക്കട്ടെ' എന്നാണൊരാള്‍ കുറിച്ചത്.