ചെരിപ്പിടാത്ത ഗ്രാമം
കോട്ടൂർ സുനിൽ
Wednesday, July 3, 2024 3:22 PM IST
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊക്കെ ഈ ഗ്രാമത്തിലുണ്ട്. പക്ഷേ ചെരിപ്പിന് മാത്രം അയിത്തം.
ചെരിപ്പിടാത്ത ഒരു ഗ്രാമം എന്ന് പുകൾപ്പെട്ട തമിഴ്നാട്ടിലെ വെള്ളഗവി എന്ന ഗ്രാമത്തിനാണ് ഈ പ്രത്യേകത. ഗ്രാമത്തിന്റെ അതിർത്തി വരെ പാദരക്ഷകൾ അണിയുകയും ഗ്രാമത്തിനുള്ളിൽ കയറുമ്പോൾ ചെരിപ്പ് അഴിച്ചുവയ്ക്കുകയും ചെയ്യുന്ന വിചിത്ര ആചാരമുള്ള വെള്ളഗവി ഇപ്പോൾ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.
കാലമെത്ര മുന്നോട്ട് പോയാലും കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന പല ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന ശീലങ്ങളും ആചാരങ്ങളും പുറമേ നിന്നു നോക്കുന്നവർക്ക് എല്ലായ്പ്പോഴും അമ്പരപ്പായിരിക്കും നൽകുക. അത്തരമൊരു ഗ്രാമത്തിന്റെ വിശേഷത്തിലൂടെ...
കൊടൈക്കനാലിന് അടുത്താണ് വെള്ളഗവി ഗ്രാമം. തമിഴ്നാട്ടിൽ മധുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തനി തമിഴ്നാടൻ കാർഷിക ഗ്രാമമാണ് വെള്ളഗവി. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി പ്രകൃതിയോട് ചേർന്നു ജീവിക്കുന്ന ഒരു നാടും നാട്ടുകാരുമാണ് ഇവിടെയുള്ളത്. നഗ്നപാദരായി മാത്രം നടക്കുന്ന ആളുകൾ ഉള്ള ഗ്രാമം എന്ന നിലയിലാണ് ഇവിടം വാർത്തകളിൽ ഇടം നേടുന്നത്.
തലമുറകളായി ഇവിടെ പാലിച്ചു വരുന്ന ഒരു ആചാരമാണിത്. ഗ്രാമത്തിനു വെളിയിൽ പോകുമ്പോൾ വീട്ടിൽ നിന്നു ഗ്രാമത്തിനു പുറത്തെത്തുന്നതു വരെ ചെരിപ്പ് കൈയിൽ സൂക്ഷിക്കുകയും അതിർത്തി കടന്നാൽ കാലിലിടുകയും ചെയ്യുകയാണ് ഇവിടുത്തെ ആചാരം. തിരികെ വരുമ്പോൾ അതിർത്തിയിൽ വച്ച് ചെരിപ്പൂരി കൈയിൽ പിടിച്ച് നഗ്നപാദരായാണ് ഗ്രാമത്തിനുള്ളിലേക്ക് കടക്കുന്നത്.
പാദ രക്ഷകൾ ഇടാത്തത് ഗ്രാമ ദേവതയ്ക്കായാണ് എന്നാണ് ഇവിടുള്ളവർ പറയുന്നത്.
എന്നുതൊട്ടാണ് ഇങ്ങനെയൊരു ആചാരം ഇവിടെ തുടങ്ങിയതെന്നു ചോദിച്ചാൽ കൃത്യമായ ഒരുത്തരമില്ല. നാലു തലമുറകൾക്കു മുൻപാണ് ഇവിടെ ഇങ്ങനെ ഒന്ന് തുടങ്ങിയതെന്നാണ് ഗ്രാമീണർ ഓർമിക്കുന്നത്. ഗ്രാമദേവതയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രെ ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവർ പാദരക്ഷകൾ ഊരി വയ്ക്കുന്നത്.
ഒരു ക്ഷേത്രത്തിന്റെ ഭാഗം പോലെ വിശുദ്ധമായാണ് തദ്ദേശീയർ ഈ പ്രദേശത്തെ കാണുന്നത്. ഒരിക്കൽ മുത്തിയാളമ്മയോടുള്ള ആദരവായി ഇവിടെ കളിമണ്ണുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചു. ആ സമയത്ത് ഇവിടെ എത്തിയ ഒരാൾ ചെരിപ്പുമായി ഗ്രാമത്തിനുള്ളിൽ പ്രവേശിച്ചു. കുറച്ച് നടന്നു കഴിഞ്ഞ് താഴെ വീണ അയാൾക്ക് കഠിനമായ പനി പിടിപെട്ടുവെന്നും മാസങ്ങളെടുത്തു അതിൽ നിന്നു രക്ഷപ്പെടുവാൻ എന്നും ഇവിടുത്തെ ഗ്രാമീണർ ഓർത്തെടുക്കുന്നു.
ഗ്രാമത്തിന്റെ ദേവതയായി ആരാധിക്കുന്നത് മുത്തിയാളമ്മയെയാണ്. ഈ ദേവിയോടുള്ള ഭക്തിയും ആദരവുമാണ് ചെരിപ്പ് അഴിച്ചു മാറ്റുന്നതിലൂടെ ഗ്രാമീണർ പ്രകടിപ്പിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ ഇത് നടപ്പാക്കുന്നു.
മുത്തിയാളമ്മയുടെ ശക്തിയാണ് തങ്ങളെ സംരക്ഷിക്കുന്നതെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. ഇവിടെ എത്തുന്നവരെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആചാരമെന്ന് ഇവർ പറഞ്ഞു മനസിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരെയും തങ്ങളുടെ ആചാരം പിന്തുടരണമെന്ന് നിർബന്ധിക്കാറില്ല.
കാനന പാതയാണിത്. കൊടുകയറ്റവും പാറക്കല്ലുകളും നിറഞ്ഞവ. എന്നാൽ ഇവിടെത്തെ നിവാസികൾക്ക് ഈ പാറക്കല്ലുകൾ ഒരു വിഷയമേ അല്ല. തോളിൽ കനത്ത ഭാരവും ചുമന്ന് ഇവർ ചെരിപ്പിടാതെ പാത താണ്ടും.
ഇവിടെ ഇപ്പോൾ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. പുതിയ തലമുറയിൽ പെട്ടവർ പുറം നാടുകളിൽ ജോലിയും കുടുംബവുമായി കഴിയുകയാണ്. ഇവിടെ വരുമ്പോൾ അവർ ഇവിടുത്തെ ആചാരങ്ങളാണ് പിന്തുടരുന്നത്.
കുമളി - ദിണ്ടിഗൽ റോഡിലൂടെയാണ് ഈ റൂട്ട്. യാത്രക്കാർക്ക് പെരിയകുളത്ത് നിന്ന് കുമ്പക്കരയിലേക്ക് തിരിയാം. കുമ്പക്കരയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ദൂരം വെറും എട്ടു കിലോമീറ്ററാണ്. എന്നാൽ ഇത് മറികടക്കാൻ ആറു മണിക്കൂർ വരെ എടുത്തേക്കാം.
കൊടൈക്കനാൽ ഭാഗത്തുള്ള യാത്രക്കാർക്ക് വട്ടക്കനാലിൽ നിന്ന് കാൽനടയായി യാത്ര ആരംഭിക്കാം. ഇത് ആറു കിലോമീറ്റർ ദൂരമാണ്, നാലു മണിക്കൂറെടുക്കും. ഒരു വാൻ സന്ദർശകരെ തമിഴ്നാട് ഗ്രാമങ്ങളിലൂടെ കുള്ളൻ മാങ്ങകൾ വളരുന്ന തോട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ നിന്നു കൊടൈ മലനിരകളുടെ താഴ്വരകളിലേക്ക് നടന്നു പോകണം. കുത്തനെയുള്ള കുന്നുകളും കൊടും കാടുകളും യാത്രക്കാർക്ക് മുന്നിൽ കിടക്കുന്നു.
ഒരു സമയം ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന പാത വളരെ ഇടുങ്ങിയതാണ്. കയറ്റം കുത്തനെയുള്ളതാണ്, ഇരുവശത്തും നാരങ്ങകൾ സമൃദ്ധമായി വളരുന്നു. ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലുമായി ആഴത്തിലുള്ള കുഴികൾ.
വന്യജീവികളുടെ ശബ്ദങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്യും. പാതയുടെ വശങ്ങളിൽ ചെറിയ ആരാധനാലയങ്ങൾ കാണാം. കുത്തനെയുള്ള കയറ്റങ്ങൾ സന്ദർശകർക്ക് ക്ഷീണമുണ്ടാക്കും. അത് തടയാൻ കാട്ടുരവികളും ചോലകളും ധാരാളം. വഴിയിലെ കാട്ടരുവികളിൽ നിന്ന് ശുദ്ധവുമായ വെള്ളം കുടിച്ച് ദാഹം ശമിപ്പിക്കാം.
വലിയ ഉരുളൻ കല്ലുകൾ കൊണ്ട് പൊതിഞ്ഞ പാതയിലൂടെ ഭാരമേറിയ ഭാരങ്ങൾ ചുമന്നാണ് പ്രദേശവാസികൾ ഇവിടെ എത്തുന്നത്. വൈദ്യുതിയും മൊബൈൽഫോണുകളും ഇവിടെയുണ്ട്. പക്ഷേ ചെരിപ്പ് മാത്രം അന്യം.
17-ഉം 18-ഉം നൂറ്റാണ്ടുകളിൽ (ദക്ഷിണേന്ത്യയുടെ ഭൂരിഭാഗവും വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.) രാജാക്കന്മാരാൽ ചൂഷണം ചെയ്യപ്പെട്ട സമതലപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമീണർ മലനിരകളിൽ അഭയം തേടിയതായി പറയപ്പെടുന്നു.
കോളറ പൊട്ടിപ്പുറപ്പെടുന്നത് വരെ ജനസംഖ്യ വർധിച്ചുകൊണ്ടിരുന്നു, ഇത് ഈ ആദ്യകാല നിവാസികളെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർബന്ധിതരാക്കി. ക്യഷി തന്നെയാണ് ഇവരുടെ തൊഴിൽ. നെല്ലും പച്ചക്കറികളും വാഴതോട്ടങ്ങളും ഇവിടുണ്ട്. രാസവളം ചേർക്കാതെയാണ് ഇവർ ക്യഷി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരാൻ കൊടൈക്കനാൽ വനം ഓഫീസുമായി ബന്ധപ്പെടണം. ഇവിടേക്ക് ട്രക്കിംഗ് ഉൾപ്പടെ അവർ നടത്തുന്നുണ്ട്.