കുടകിലെ "അപകടകരമായ' തര്‍ജമ തമാശകള്‍
Wednesday, July 3, 2024 12:27 PM IST
ഭാഷാ വ്യത്യാസം എന്നും മനുഷ്യര്‍ക്ക് തമാശയും തലവേദനയും ഉണ്ടാക്കുന്ന ഒന്നാണല്ലൊ. ഒരു ഭാഷയിലെ വാക്കിന് മറ്റൊരു ഭാഷയില്‍ വേറെ അര്‍ഥമായിരിക്കാം. അത്തരത്തില്‍ "സംസാരം' ശരിയല്ലാത്തതിന് തല്ലുകിട്ടിയ എത്രയെത്ര കഥകള്‍ നാം കേട്ടിരിക്കുന്നു.
അതിലുമൊക്കെ ബാലി കേറാമലയായ ഒന്നാണ് തര്‍ജമ. പലപ്പോഴും അല്പമായ അറിവുകള്‍ വേറിട്ട അര്‍ഥതലങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നിനെ കാര്യമാണിത്. സംഗതി കര്‍ണാടകയിലെ കുടകിലെ വഴിവക്കിലാണുള്ളത്.
ഇവിടെ നിരത്ത് നിര്‍ദേശ സൂചികകളില്‍ ഒന്നില്‍ "അടിയന്തരമായി ഒരു അപകടം ഉണ്ടാക്കുക' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതായി കാണം. ആദ്യകാഴ്ചയില്‍ ആളുകള്‍ ഒന്ന് അമ്പരക്കും. എന്നാല്‍ മുകളിലായി എഴുതിയ കന്നഡ വാചകത്തിന്റെ തെറ്റായ തര്‍ജമയാണത്രെ ഇത്.
കന്നഡയില്‍ "അവസരവേ അപകടാക്കെ കാരണ' എന്നെഴുതിയിട്ടുണ്ട്. അതായത് "അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണം' എന്ന്. എന്നാല്‍ ഈ വചകത്തെയാണ് തെറ്റായി ഇംഗ്ലീഷില്‍ കുറിച്ചത്.
വൈറലായി മാറിയ സൈന്‍ ബോര്‍ഡ് വൈകാതെ തിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതുവരെ ആരും ബോര്‍ഡിലെ വാചകം അക്ഷരംപ്രതി അനുസരിക്കാതിരിക്കട്ടെ...