വധുവിനെ കണ്ടെത്താൻ സഹായിക്കണം..!ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്
Monday, July 1, 2024 2:21 PM IST
അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയായി സ്വീകരിച്ചവരാണ് കല്യാണം നടക്കാത്ത ചെറുപ്പക്കാരിൽ ഏറെയും. കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകാത്തതാണ് ഇവരുടെ വിവാഹസ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നത്.
അതിനിടെ ഒരു കർഷക യുവാവ് വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്.
കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ഒരു പെൺകുട്ടിയും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ലെന്നും സംഗപ്പ പറയുന്നു. ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും വധുവിനെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കണമെന്നും സംഗപ്പ അപേക്ഷിക്കുന്നു. സംഗപ്പയുടെ പരാതിയിൽ എന്തു നടപടിയെടുക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതർ.
കർണാടകയിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്തത് ഒരു സാമൂഹ്യപ്രശ്നമായി മാറിയതോടെ ചെറുപ്പക്കാർ സംഘടിച്ച് വ്യത്യസ്തമായ പ്രതികരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. ധാർവാഡിലെ ഒരുസംഘം യുവാക്കൾ പെൺകുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക് നിവേദനം നൽകിയപ്പോൾ മാണ്ഡ്യയിലെ മദ്ദൂരിൽനിന്നുള്ള യുവാക്കൾ വിവാഹം നടന്നുകിട്ടാൻ ദൈവപ്രീതിക്കുവേണ്ടി ചാമരാജ്നഗർ മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തി.
വർഷങ്ങൾ അലഞ്ഞിട്ടും വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമം കാരണം നഞ്ചൻകോടിൽ ഒരു കർഷകയുവാവ് ജീവനൊടുക്കിയതും വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെഡിഎസ് ഇറക്കിയ പ്രകടനപത്രികയിൽ കർഷകരുടെ മക്കളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് രണ്ടുലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജെഡിഎസിന് പക്ഷേ അധികാരത്തിലെത്താനായില്ല.