കല്യാണമാണ്, വന്നാല്‍ പണവുമായി പോകാമെ; ഒരു "ചൈനീസ് അംബാനി'യുടെ ചെയ്തികള്‍
Friday, June 28, 2024 11:17 AM IST
കല്യാണം ഒരു സംഭവമാണല്ലൊ. പലരും കാശ് കടം വാങ്ങി അത് പൊടിപൊടിക്കും. കല്യാണങ്ങളിലെ ആര്‍ഭാടത്തിലല്ല മറിച്ച് ഒന്നുചേരുന്നവരുടെ മാനസിക ഐക്യത്തിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞാലും മിക്കവും മൈന്‍ഡ് ചെയ്യില്ല.
പാശ്ചാത്യ രാജ്യങ്ങളിലെ ശതകോടീശ്വരര്‍ മിക്കപ്പോഴും വിവാഹം സിമ്പിള്‍ ആക്കുമ്പോള്‍ നമ്മുടെ ഏഷ്യയിലെ കോടീശ്വരന്മാര് അവരുടെ വലിപ്പം കാട്ടുന്നത് കല്യാണച്ചെലവുകളിലൂടെയാണ്. അത്തരത്തിലുള്ള ഒരു ചൈനീസ് കോടീശ്വ്രരന്റെ വീട്ടിലെ കല്യാണക്കാര്യമാണ് നെറ്റിസണ്‍സ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
ഈ ആഡംബര ചൈനീസ് വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കണ്ടന്റ് ക്രിയേറ്ററായ ഡാന വാംഗ് ആണ് ഈ വിവാഹത്തിന്റെ വിശദാംശങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ധനികനായ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത വിശേഷമാണ് ഡാന പങ്കുവെച്ചിരിക്കുന്നത്.
വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് എല്ലാവര്ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അഞ്ച് ദിവസം താമസ സൗകര്യമാണ് വീട്ടുകാര്‍ ഒരുക്കിയത്. മാത്രമല്ല റൂമില്‍ ബോറടിച്ച് ഇരിക്കുകയാണെങ്കില്‍ റോള്‍സ് റോയ്സിലോ ബെന്റ്ലി കാറിലോ നാട് ചുറ്റാം. അതിനായി പ്രത്യേകമായി ഡ്രൈവറും തയാറാണ്.
ഇതിനെല്ലാം അപ്പുറം വിവാഹത്തിന് എത്തിയ എല്ലാവര്ക്കും വധൂവരന്മാരുടെ വക പ്രത്യേക സമ്മാനമുണ്ട്. ഒരു ചുവന്ന കവറില്‍ 800 ഡോളറാണ് (ഏകദേശം 66000 രൂപ) ആണ് ഈ സമ്മാനം. കൂടാതെ പുറം രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ക്ക് വന്നുപോകാനുള്ള വിമാന ടിക്കറ്റും വധൂവരന്മാര് വകയാണത്രെ.
ഈ കല്യാണവിശേഷം കേട്ട നെറ്റിസണ്‍സ് ഞെട്ടലിലാണ്. തങ്ങള്‍ക്കും ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാണ് ചിലര്‍ തമാശയായി കുറിച്ചത്.