മുതലാളി നിങ്ങളുടെ മോഷണവിരുദ്ധ സംവിധാനം മെച്ചപ്പെടുത്തണം; "നല്ലവനായ'കള്ളന് വൈറല്‍
Wednesday, June 26, 2024 1:12 PM IST
കള്ളന്മാര് വലിയ തലവേദനയാണല്ലൊ. നമ്മള് സമ്പാദിച്ചുവയ്ക്കുന്നതൊക്കെ കവര്‍ന്നുകൊണ്ട് പോകുന്ന ഇവരെ ആരും ആശങ്കയോടെയാണല്ലൊ കാണുക. ചില മോഷ്ടാക്കള്‍ കവര്ച്ചമാത്രമല്ല കൊലപാതകമൊ ആക്രമണമൊ ഒക്കെ ചെയ്യും.
എന്നാല്‍ ചിലര്‍ ക്രിയേറ്റീവായ കള്ളന്മാര് ആയിരിക്കും. അത്തരക്കാര്‍ പലപ്പോഴും സമൂഹത്തിന് ഒരു ചിരിയും നല്‍കും. ഇപ്പോഴിതാ അത്തരത്തിലൊരു കള്ളന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
ആള് അങ്ങ് ചൈനയില്‍ നിന്നുള്ളതാണ്. പോലീസ് പറയുന്നതനുസരിച്ച് സാംഗ് എന്നാണത്രെ ഇദ്ദേഹത്തിന്റെ കുടുംബപേര്. നമുക്കും തത്ക്കാലം സാംഗ് എന്ന് വിളിക്കാം. ഇയാള്‍ അടുത്തിടെ ഷാംഗ്ഹായിലെ ഒരു ഓഫീസ് കൊള്ളയടിക്കുകയും തുടര്‍ന്ന് അവരുടെ മോഷണ വിരുദ്ധ സംവിധാനം മെച്ചപ്പെടുത്താന്‍ ഉടമയോട് ആവശ്യപ്പെടുന്ന ഒരു കുറിപ്പ് ഇടുകയും ചെയ്തു.
മേയ് 17ന് ആയിരുന്നു സംഭവം. സാംഗ് ഈ ഓഫീസില്‍ നിന്നും ഒരു വാച്ചും ആപ്പിള്‍ മാക്ബുക്കും മോഷ്ടിച്ചു. ശേഷം മുതലാളിയ്ക്ക് ഇപ്രകാരം എഴുതി:
"പ്രിയപ്പെട്ട മുതലാളി, ഞാന്‍ ഒരു റിസ്റ്റ് വാച്ചും ലാപ്ടോപ്പും എടുത്തു. നിങ്ങള്‍ നിങ്ങളുടെ മോഷണ വിരുദ്ധ സംവിധാനം മെച്ചപ്പെടുത്തണം. നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന് ഭയന്ന് ഞാന്‍ എല്ലാ ഫോണുകളും ലാപ്ടോപ്പുകളും എടുത്തില്ല. നിങ്ങളുടെ ലാപ്ടോപ്പും ഫോണും തിരികെ വേണമെങ്കില്‍ എന്നെ ബന്ധപ്പെടൂ'
മാത്രമല്ല തന്റെ നമ്പര്‍ നല്‍കുകയും ചെയ്തു. എന്തായാലും ഈ കള്ളനെ വൈകാതെ പോലീസ് പൊക്കി.
എന്നാല്‍ കള്ളന്റെ മനസിനെ കുറിച്ചാണ് നെറ്റിസണ്‍സ് സംസാരിച്ചത്. "ദയയുള്ള കള്ളന്,' എന്നാണൊരാള്‍ കുറിച്ചത്. "ആന്റി-തെഫ്റ്റ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കമ്പനിയോട് ആവശ്യപ്പെടുന്നതിനുപകരം അയാള്‍ക്ക് രക്ഷപ്പെടാനുള്ള കഴിവ് മെച്ചപ്പെടുത്തണമായിരുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.