മൈലുകള്‍ക്കും മാസങ്ങള്‍ക്കും അകലെയുള്ള ഇരട്ടക്കുട്ടികള്‍
Wednesday, June 19, 2024 11:19 AM IST
ഇരട്ടക്കുട്ടികള്‍ എല്ലാവര്ക്കും വലിയ കൗതുകമാണല്ലൊ. എന്നാല്‍ അമേരിക്കയിലുള്ള ഒരു യുവതി ജന്മം നല്കിയ ഇരട്ടകള്‍ ആളുകളെ ഞെട്ടിക്കുക കൂടിയാണ് ചെയ്തത്. അതിനു കാരണം അവരുടെ പിറവിയുമായി ബന്ധപ്പെട്ട സവിശേഷതകളാണ്.
ന്യൂയോര്‍ക്കിലുള്ള എറിന് ക്ലാന്‍സി ആണ് ഈ അസാധാരണ കഥയിലെ മാതൃത്വത്തിനുടമ. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ ഈ 42 കാരി വിവാഹം ചെയ്തത് ബ്രയനെയാണ്. 2016 ജനുവരിയിലാണ് ഇരുവരും ഒരു ഡേറ്റിംഗ് ആപ്പ്വഴി കണ്ടുമുട്ടുന്നത്. 2020 സെപ്റ്റംബറില്‍ ഇവര്‍ വിവാഹിതരായി.
ശേഷം ഒരു കുഞ്ഞിനായി ഈ ദമ്പതികള്‍ കാത്തിരുന്നു. അത് ഉടനടി സംഭവിക്കുമെന്ന് അവര്‍ കരുതിയെങ്കിലും നടന്നില്ല. 2021 ജൂണില്‍ 39-ാം വയസില്‍ താന്‍ ഐവിഎഫ് ചികിത്സ ആരംഭിച്ചതായി എറിന് ക്ലാന്‍സി പറഞ്ഞു. എന്നാൽ ആദ്യ റൗണ്ട് വിജയിച്ചില്ല, രണ്ടാമത്തെ ശ്രമം തുടക്കത്തില്‍ വിജയം വന്നെങ്കിലും ഗര്‍ഭം പിന്നീട് അലസി.
പിന്നീട് വാടക ഗര്‍ഭം ഒരു ബദലായി അവര്‍ പരിഗണിച്ചു.അങ്ങനെ 2022 മേയില്‍ അവര്‍ ഇതിനായി ഒരാളെ കണ്ടെത്തി. പക്ഷേ ഓഗസ്റ്റില്‍ താനും ഗര്‍ഭിണിയാണെന്ന് എറിന് മനസിലാക്കി. എന്നാല്‍ വാടകഗര്‍ഭധാരണം തുടരാന്‍ അവര്‍ തീരുമാനിച്ചു.
വൈകാതെ രണ്ട് ഗര്‍ഭധാരണങ്ങളും വിജയകരമായി. 2023 മേയില്‍ എറിന് ആദ്യം ഡിലനെ പ്രസവിച്ചു. പിന്നീട് ഡെക്ലാനെയും പ്രസവിച്ചു. അങ്ങനെ രണ്ട് ആണ്‍കുട്ടികള്‍ക്ക് അവര്‍ അമ്മയായി.
ഏറ്റവും കൗതുകകരമായ കാര്യം രണ്ട് കുട്ടികളുടെയും ജനനത്തിനിടയില്‍ ആറ് മാസത്തെ കാലയളവുണ്ട്. ഒരാള്‍ ജനിച്ച് സ്ഥലത്ത് നിന്നും 900 മൈല്‍ (1448.41 കിലോമീറ്റര്‍) അകലെയാണ് രണ്ടാമത്തെയാള്‍ ജനിച്ചത്.
കുട്ടികള്‍ക്ക് പ്രായമാകുമ്പോള്‍ അവരിരുവരും ഏങ്ങനെയാണ് സഹോദരങ്ങളായതെന്ന് താന്‍ പറഞ്ഞുകൊടുക്കുമെന്ന് എറിന് പറയുന്നു. അതിനായി നടത്തിയ യാത്രകളെ കുറിച്ച് അവര്‍ അറിയണമെന്നും മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് ചിന്തിക്കുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേർക്കുന്നു.