പ്രകൃതിസ്നേഹി വക നട്ടാൽ മുളയ്ക്കുന്ന വിസിറ്റിംഗ് കാർഡ്
Saturday, June 15, 2024 12:41 PM IST
വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശുഭം ഗുപ്ത വിസിറ്റിംഗ് കാർഡ് നൽകുന്നത് സൂക്ഷിച്ചുവയ്ക്കാനല്ല, മണ്ണിൽ കുഴിച്ചിടാനാണ്!
വിസിറ്റിംഗ് കാർഡ് കുഴിച്ചിടുകയോ..? അന്പരക്കണ്ട, സാധാരണ വിസിറ്റിംഗ് കാർഡ് അല്ല അദ്ദേഹം നൽകുന്നത്. വിവിധ നിറത്തിൽ പൂക്കളുണ്ടാകുന്ന ജമന്തിച്ചെടികളുടെ വിത്തുകൾ നിറച്ച വിസിറ്റിംഗ് കാർഡാണത്. കാർഡ് അതേപടി കുഴിച്ചിട്ടാൽ ജമന്തിച്ചെടികൾ മുളയ്ക്കും. അത് വളർന്നു മനോഹരമായ പൂക്കൾ വിരിയും.
പ്രകൃതിസ്നേഹിയായ ശുഭം ഗുപ്ത പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു "നട്ടാൽ മുളയ്ക്കുന്ന' വിസിറ്റിംഗ് കാർഡുകൾ തയാറാക്കി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ശുഭം ഗുപ്ത എക്സിൽ പങ്കുവച്ച പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
തന്റെ ഓഫീസിലെ ഓരോ സന്ദർശകനും അതുല്യമായ "പ്ലാന്റബിൾ വിസിറ്റിംഗ് കാർഡ്' ലഭിക്കുമെന്നു ഗുപ്ത അടിക്കുറിപ്പിൽ പറയുന്നു. മുംബൈ സാംഗ്ലി-മിറാജ്-കുപ്വാഡ് മുനിസിപ്പൽ കോർപറേഷനിലെ മുനിസിപ്പൽ കമ്മീഷണറാണു ശുഭം ഗുപ്ത.