വിവാഹത്തിനെത്തിയ പരുന്ത്; വധുവിന്റെ പിതാവെന്ന് ജനം
Wednesday, April 24, 2024 12:10 PM IST
മരണം യാഥാര്‍ഥ്യവും പുനര്ജന്മം ചര്‍ച്ചാ വിഷയവുമാണല്ലൊ. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയുന്നു. വിശ്വസിക്കുന്നവര്‍ ചില സംഭവങ്ങളെ അതിനുദാഹരണമായി ചൂണ്ടിക്കാട്ടും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ ലോകമെമ്പാടും എത്തുകയും ചെയ്യുന്നു.
ഇപ്പോഴിതാ മധ്യപ്രദേശില്‍ നിന്നുള്ള ഒരു സംഭവം ഇത്തരം ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവച്ചിരിക്കുന്നു. ഇവിടെ ഒരു യുവതിയുടെ കല്യാണത്തിന് പരുന്ത് എത്തിയതാണ് അതിനുകാരണം. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ രഞ്ജ്ര ഗ്രാമത്തിലാണ് വിചിത്രമായ സംഭവം.
ഇമാര്‍തി എന്ന യുവതിയുടെ വിവാഹം ഈ മാസം 21ന് നിശ്ചയിച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളും ആഘോഷവുമൊക്കെ പൊടിപൊടിക്കുന്നതിനിടെ വധുവിന്റെ പിതാവ് ജലാം സിംഗ് ലോധി മരണപ്പെടുകയുണ്ടായി. ദമോഹ് ജില്ലയിലെ അഭാന ഗ്രാമത്തിലെ തലയ്യയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടാണ് അദ്ദേഹം മരിച്ചത്.
ഇത് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി. എന്നിരുന്നാലും പിതാവിന്റെയും ആഗ്രഹം പോലെ ഇമാര്‍തിയുടെ വിവാഹം 21ന് തന്നെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. വിവാഹം ലളിതമായി നടത്താമെന്ന് വരന്റെ ആളുകളും സമ്മതിച്ചു.
അങ്ങനിരിക്കെ വിവാഹദിവസം രാവിലെ വധുവിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരു പരുന്ത് വന്നിരുന്നു. അത് വധുവിന്റെ അമ്മയായ നോനിബായിയുടെ മടിയില്‍ വന്നിരുന്നത്രെ. പരുന്തിന് വിശപ്പും ദാഹവും ഉണ്ടെന്ന് കരുതി അവര്‍ ഭക്ഷണവും പാലും വെള്ളവും കൊടുത്തു.
ഈ സമയത്ത്, പരുന്ത് സമീപത്തുള്ള ആളുകളെ ഉപദ്രവിച്ചില്ല. ഗ്രാമവാസികളും പക്ഷിയോട് സ്നേഹത്തോടെ പെരുമാറി. കുടുംബം വിവാഹത്തിനായി പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ പക്ഷി ഒരു യുവാവിന്റെ തോളില്‍ ഇരുന്ന് അയാളോടൊപ്പം വിവാഹ വേദിയിലെത്തി. സമീപത്തെ കസേരയില്‍ ഇരുന്നുകൊണ്ട് കല്യാണം മുഴുവന്‍ നിരീക്ഷിച്ചു.
പോരാഞ്ഞ് വധുവിന്റെ തലയില്‍ പറന്നിരുന്നു ചിറകടിച്ചത്രെ. ഇതോടെ ഈ പക്ഷി പെണ്‍കുട്ടിയുടെ മരിച്ചുപോയ പിതാവാണെന്നും അനുഗ്രഹിക്കാന്‍ എത്തിയതാണെന്നും ആളുകള്‍ പറഞ്ഞുതുടങ്ങി. എന്നാലിത് അവിചാരിതമായി സംഭവിച്ച കാര്യങ്ങള്‍ എന്നാണ് ഈ വാദത്തെ തള്ളുന്നവര്‍ പറയുന്നത്.