വിശപ്പടക്കാന്‍ ആവോളം ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പഴമായും പച്ചക്കറിയായും മത്സ്യ-മാംസങ്ങളായുമൊക്ക. എന്നാലും "വെറൈറ്റി പിടിച്ചാലെ' മനസമാധാനമാകൂ എന്ന് പറയുന്നവരാണ് ചൈനക്കാരും ജപ്പാന്‍കാരുമെന്ന് ഏവര്‍ക്കും അറിയാം.

പക്ഷേ സയനൈഡിനേക്കാള്‍ 1,200 മടങ്ങ് വിഷാംശമുള്ള മത്സ്യത്തെ കഴിക്കുന്നുവെന്ന് കേട്ടോലോ? ജപ്പാനില്‍ നിന്നാണ് ഈ കൗതുക വാര്‍ത്ത വരുന്നത്. വാര്‍ത്ത വന്ന് നാളുകള്‍ കഴിഞ്ഞെങ്കിലും ഈ മത്സ്യത്തെ വച്ച് പുതിയ വിഭവങ്ങളുണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തില്‍ വന്നതോടെ സംഗതി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഫുഗു അഥവാ പഫര്‍ഫിഷാണ് ജപ്പാന്‍കാര്‍ക്ക് പ്രിയങ്കരമാകുന്നത്. ഇവയുടെ കരള്‍, തൊലി, അണ്ഡാശയം, കുടല്‍ എന്നീ അവയവങ്ങളിലെല്ലാം ടെട്രോഡോക്‌സിന്‍ എന്ന ഉഗ്രവിഷം അടങ്ങിയിട്ടുണ്ട്. സയനൈഡിനേക്കാള്‍ ഏറെ അപകടകാരിയാണെന്ന് കേള്‍ക്കുമ്പോള്‍ ഊഹിച്ചോളൂ ഇതിലെ ഗൗരവം.


വളരെ വിദഗ്ധനായ ഒരു ഷെഫിന് മാത്രമേ ഫുഗു മത്സ്യം കൃത്യമായി വെട്ടാന്‍ സാധിക്കൂ. വിഷമുള്ള ഭാഗങ്ങള്‍ സൂക്ഷ്മമായി വേര്‍പെടുത്തിയാണ് ഈ മത്സ്യം ജപ്പാനിലെ ഹോട്ടലുകളില്‍ പാകം ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്നും കൃത്യമായ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഫുഗു മത്സ്യം പാകം ചെയ്യാന്‍ സാധിക്കൂ.

ഫുഗു വിഭവങ്ങള്‍ തയാറാക്കുന്ന ഷെഫിന് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. ഏതെങ്കിലും തരത്തില്‍ പാളിച്ച വന്നാല്‍ കഴിക്കുന്നയാള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും മുതല്‍ പക്ഷാഘാതം വരെ ഉണ്ടായേക്കും.

ഇതിന് പുറമേ വിഷാംശം അമിതമായി ശരീരത്തെത്തിയാല്‍ പത്ത് മിനിട്ടിനകം കഴിച്ചയാള്‍ മരിക്കാനും സാധ്യതയുണ്ട്. എന്നിരുന്നിട്ടും ഈ മത്സ്യം കൊണ്ട് തയാറാക്കുന്ന വിഭവം ജപ്പാന്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിലയും അല്‍പം കൂടുതലാണ് എന്നതാണ് മറ്റൊരു കൗതുകകരമായ സംഗതി.