ഒരെത്തും പിടിയുമില്ല; പാലൊഴുകുന്ന മരത്തിന്റെ സ്വപ്നം എങ്ങനെ സത്യമായി!
Thursday, September 14, 2023 3:57 PM IST
നമ്മള് എത്രയെത്ര കിനാക്കളാണ് കാണുക. ചിറകുണ്ടാകുന്നതും പറക്കുന്നതും അദൃശ്യനാകാന്‍ കഴിയുന്നതും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സ്വപ്നങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകും. ഏറ്റവും കൊതിക്കാറുള്ളത് ഇവയില്‍ ഒന്നെങ്കിലും ഫലിക്കണം എന്നാതാണ്.
വെളുപ്പാന്‍ കാലത്തെ കനവ് നടക്കുമെന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്. അതില്‍ പലരും ആശ വയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ജാര്‍ഖണ്ഡിലുള്ള ഒരു യുവതി കണ്ട സ്വപ്നമാണ് നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. അതിന് കാരണം അവര്‍ കണ്ട കിനാവ് അതുപടി നടന്നു എന്നതാണ്. ഇതിലെന്തിരിക്കുന്നു എന്ന് കരുതാന്‍ വരട്ടെ.
അസാധാരണമായ സ്വപ്നമാണ് അവര്‍ കണ്ടത്. ഒരു മരത്തില്‍ നിന്നും പാല് ഒഴുകുന്നതായിരുന്നു ആ സ്വപ്നം. ഇത് അക്ഷരംപ്രതി സംഭവിക്കുകയുമുണ്ടായി. ബബിതാ ദേവി എന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ വേപ്പിന് മരത്തില്‍ നിന്ന് പാല് ഒഴുകി വരുന്നതായി സ്വപ്നത്തില്‍ കണ്ടത്. ഇക്കാര്യം ഇവര്‍ നാട്ടുകാരോടും വീട്ടുകാരോടും പറയുകയും ചെയ്തു.
എന്നാല്‍ അതിനുശേഷം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകള്‍ ഈ സംഭവം ശരിയാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ഒരു വേപ്പ് മരത്തില്‍ നിന്ന് പാല് ഒഴുകി വരുന്ന കാഴ്ച ഏവരേയും അദ്ഭുതപ്പെടുത്തി.
ഇക്കാര്യം ഗ്രാമത്തിലൂടനീളം വലിയ വാര്‍ത്തയായി മാറി. ഈ പ്രതിഭാസം ഗ്രാമവാസികളെ ഞെട്ടിച്ചു. വൈകാതെ പലരും ഈ വേപ്പ് മരത്തെ പൂജിക്കാനും ആരാധിക്കാനും ആരംഭിച്ചു. കൂടാതെ ഭക്തര്‍ ദൈവാനുഗ്രഹത്തിനായി ഇവിടെ പാലും തേങ്ങയും പ്രസാദമായി സമര്‍പ്പിക്കാനും തുടങ്ങി.
സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ചിലര്‍ ഇത് ദെെവീകമായി പറയുമ്പോള്‍ മറ്റ് ചിലര്‍ അത് നിഷേധിക്കുകയാണ്. പ്രകൃതിപരമായി സംഭവിച്ച എന്തെങ്കിലും ആകാം എന്നാണവരുടെ പക്ഷം.
എന്നാൽ എല്ലാവരേയും ഏറ്റവും ചിന്തിപ്പിക്കുന്നത് ആ സ്ത്രീ ഇതെങ്ങനെ സ്വപ്നം കണ്ടു എന്നതാണ്. എന്തായാലും പാല് ചുരത്തുന്ന മരം കൗതുകമായി തുടരുകയാണ്.