"ഒരുപാമ്പ് നടത്തിയ കല്യാണം'; വൈറലായി പ്രീ-വെഡിംഗ് ഷൂട്ട്
Friday, June 2, 2023 2:44 PM IST
കാലം മാറിയപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകള്‍ ആവിര്‍ഭവിക്കുകയുണ്ടായി. വിവാഹം കഴിയുന്നത്ര ആഘോഷമാക്കി മാറ്റുക എന്നതാണ് പലരുമിപ്പോള്‍ ചെയ്യാറ്. ചടങ്ങുകളില്‍ അത്തരത്തില്‍ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് പ്രീ-വെഡിംഗ് ഷൂട്ട്.
ഇത് വേറിട്ടതാക്കാന്‍ ഫോട്ടോഗ്രാഫര്‍മാരും വധൂവരന്മാരും മത്സരിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു പ്രീ-വെഡിംഗ് ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ഒരു കഥ പോലെയാണ് ഈ വിവാഹം പറഞ്ഞിട്ടുള്ളത്.
ചിത്രങ്ങളനുസരിച്ച് ഒരു പെണ്‍കുട്ടി തന്റെ വീടിന്റെ വശത്തൂടെ നടക്കുകയാണ്. പെട്ടെന്ന് ഒരു പാമ്പിനെ കണ്ട് പെണ്‍കുട്ടി പേടിക്കുകയാണ്. ഈ പെണ്‍കുട്ടി ഉടനടി തന്റെ ഫോണില്‍ നിന്നും പാമ്പിനെ പിടിക്കാനായി ഒരാളെ വിളിക്കുന്നു.
തുടര്‍ന്ന് രണ്ടുപേര്‍ പാമ്പിനെ പിടികൂടാനെത്തി. ഇവരില്‍ ഒരാള്‍ ധൈര്യസമേതം പാമ്പിനെ പിടികൂടുകയും ഇത് കണ്ടപെണ്കുട്ടിക്ക് പ്രണയം തോന്നുകയുമാണ്. അവസാന ചിത്രത്തില്‍ വഴിയില്‍ കിടക്കുന്ന പാമ്പിനെ സാക്ഷിയാക്കി രണ്ടാളും നടന്നകലുന്നതാണുള്ളത്.
ഇതില്‍ പെണ്‍കുട്ടി വധുവും പാമ്പ് പിടുത്തക്കാരന് വരനുമാണ്. ഏതായാലും ഈ ചിത്രങ്ങള്‍ നെറ്റിസണില്‍ ഹിറ്റായി മാറി. നിരവധി പേര് വധൂവരന്മാര്ക്ക് ആശംസയുമായി എത്തി. "അയ്യോ.... എന്തൊരു സര്‍ഗാത്മകത. കൊള്ളാം' എന്നാണൊരാള്‍ കുറിച്ചത്.