ഏറെ വികാരഭരിതരായി ഈ ആരാധകര്‍; പിന്നെങ്ങനെ സിഎസ്കെ ജയിക്കാതിരിക്കും
Tuesday, May 30, 2023 3:08 PM IST
ക്രിക്കറ്റ്, അത് പലര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്. ഒരു കാലത്ത് അത് സച്ചിന് തെണ്ടുല്‍ക്കറും, ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും ഏകദിനവുമൊക്കെ ആയിരുന്നു. അതിനും മുന്‍പ് കപില്‍ ദേവും, ഗവാസ്കറുമൊക്കെ ഈ കായിക മേഖലയില്‍ ആരാധകരെ സൃഷ്ടിച്ചു.
എന്നാല്‍ കാലത്തിന്റെ അനിവാര്യതയില്‍ ആ പ്രതിഭകളൊക്കെ കളിക്കളം വിട്ടു. എങ്കിലും ക്രിക്കറ്റും അതിന്റെ ആരാധകരും ഇപ്പോഴും ബാക്കി നില്ക്കുന്നു.
കാലത്തിനനുസരിച്ച് പല രൂപത്തിലാണ് ക്രിക്കറ്റ് നിലവിലുള്ളത്. ഇക്കാലത്ത്ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് ട്വന്റി-20 ക്രിക്കറ്റ്. അത്തരം മത്സരങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഒന്നാണല്ലൊ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.
2008ല്‍ തുടങ്ങിയ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത മാറ്റമാണ് വരുത്തിയിട്ടുള്ളത്. നിരവധി ടീമുകള്‍ ഐപിഎല്ലില്‍ ഉണ്ടെങ്കിലും ഏറ്റവും ആരാധകരുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും.
ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരത്തിന്റെ അവസാന മത്സരത്തില്‍ എത്തിയത് എം.എസ്. ധോണി നയിക്കുന്ന ചെന്നൈയും ഹര്‍ദിക്പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ജയിച്ചത് ഗുജറാത്തായിരുന്നു.
ലോകമെമ്പാടും ഏറെ ആരാധകരുള്ള താരമാണല്ലൊ മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ എം.എസ്.ധോണി. അദ്ദേഹം ഈ മത്സരത്തോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നൊരു അഭ്യൂഹം നിലനിന്നിരുന്നു. അതിനാല്‍ത്തന്നെ ഈ ഐപിഎല്‍ കിരീടം ചെന്നൈ നേടണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ എല്ലാവരും ഏറെ ആഗ്രഹിച്ചു.
എന്നാല്‍ മികച്ച ഫോമിലുള്ള ഗുജറാത്തിനെ തോല്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതിനാല്‍തന്നെ ഏറെ ടെന്‍ഷനിലാണ് മിക്ക ആരാധകരും ഈ മത്സരം കാണാന്‍ മൈതാനിയിലെത്തിയത്. പോരാഞ്ഞിട്ട് ആദ്യദിവസം മഴ മൂലം ഫൈനല്‍ മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്ത് ആയിരുന്നു. അവര്‍ 214 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോര്‍ നേടിയിരുന്നു. അതിനാല്‍ത്തന്നെ അവര്‍ക്ക് വിജയപ്രതീക്ഷയും ഉണ്ടായി. അതോടെ ചെന്നൈ ആരാധകര്‍ക്ക് ആശങ്കയുമായി.
മറുപടി ബാറ്റിംഗിനിടയില്‍ ചെന്നൈയുടെ വിക്കറ്റുകള്‍ ഇടവേളകളില്‍ വീഴുകയുമുണ്ടായി. എന്നാല്‍ ഇടയില്‍ മഴയെത്തി. അതുനിമിത്തം 15 ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 171 റണ്‍സ് എന്ന് ടാര്‍ജെറ്റ് വെട്ടിച്ചുരുക്കി.
ഇതോടെ മത്സരം വീണ്ടും ആവേശത്തിലായി.അവസാന രണ്ടുപന്തില്‍ വിജയിക്കാന്‍ 10 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ഈ സമയത്ത് അവരുടെ ആരാധകരുടെ മുഖഭാവം കാട്ടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വെെറലാണ്.
വീഡിയോ ദൃശ്യങ്ങളില്‍ നിരവധിപേര്‍ കണ്ണീരണിയുകയും ആശങ്കയോടെ പരസ്പരം നോക്കുന്നതുമൊക്കെ കാണാം. എന്നാല്‍ അവസാന രണ്ടുപന്തില്‍ സിക്സും ഫോറുമടിച്ച് രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് അവിശ്വസിനീയ വിജയം സമ്മാനിച്ചു.
ഈ വിജയത്തില്‍ ആരാധകര്‍ ഏറെ ആഹ്ലാദവാന്മാരായി. അവര്‍ അത് ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഏതായാലും അഞ്ചാംതവണ ചാമ്പ്യന്മാരായ ചെന്നൈയെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റുകളിടുന്നുണ്ട്. "ഇത്തരത്തിലുള്ള ആരാധകര്‍ ഉള്ളപ്പോള്‍ നിങ്ങളെങ്ങനെ വിജയിക്കാതിരിക്കും' എന്നാണൊരാള്‍ കുറിച്ചത്.