"മയക്കുമരുന്ന് അടിമ മുതല്‍ ലോക സഞ്ചാരിവരെ'; നമ്മുടെ അരിക്കൊമ്പന് ട്രോളുകളില്‍ ട്രെന്‍ഡിംഗ്
Monday, May 29, 2023 12:36 PM IST
"അരി' എന്നു കേള്‍ക്കുമ്പോഴെ ശരാശരി മലയാളിയുടെ മനസിലേക്ക് അരിക്കൊമ്പന് എന്ന കാട്ടാന എത്തുന്ന കാലമാണിത്. അടുത്തിടെ വാര്‍ത്തകളില്‍ ഇത്രയും നിറഞ്ഞ മറ്റൊരു ആന ഇല്ലെന്നുതന്നെ പറയാം.
"വന്യജീവി' എന്ന വശത്തുനിന്ന് ചിന്തിക്കുമ്പോള്‍ അരിക്കൊമ്പന് മനുഷ്യര്‍ക്ക് പലതരത്തില്‍ ഉപദ്രവമായി മാറാറുണ്ട്. അതിനാല്‍ത്തന്നെ ധാരാളംപേര്‍ ഈ ആനയ്ക്കെതിരേ രംഗത്തുണ്ട്. മറുഭാഗത്ത് മൃഗസ്നേഹികള്‍ ആനയ്ക്കായും എത്തുന്നു.
ഇങ്ങനെ ആനയുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ പലയിടത്തും ഉണ്ടാകുന്നു. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും നില്‍ക്കാതെ വേറിട്ട രീതിയില്‍ ആനയെ കാണുകയാണ് സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍.
അവര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം ഇല്ല എന്നല്ല. എന്നാല്‍ അത് പ്രകടിപ്പിക്കന്ന ശൈലി വ്യത്യസ്തമാണ്. നെറ്റിസണ് അക്കാര്യം പലപ്പോഴും തമാശയായി ആസ്വദിക്കുകയും ചെയ്യുന്നു.
അടുത്തിടെയാണല്ലൊ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും ലോറി കയറ്റി വിട്ടത്. പെരിയാര്‍ വനമേഖലയിലേക്ക് ഇറക്കിവിട്ട ഈ ആന കാടുകയറുകയും ചെയ്തു. അതുവരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അരിക്കൊമ്പന് പിന്നെ വിസ്മൃതിയിലാവുമെന്നാണ് സകലരും കരുതിയത്.
എന്നാല്‍ അവിടെയാണ് ട്വിസ്റ്റ് ഉണ്ടായത്. പിടി സെവനെ പോലെ അങ്ങനെയങ്ങ് വാര്ത്തയല്ലാതാകാന് അരിക്കൊമ്പന് തയാറല്ലായിരുന്നു. "അരിയാഹാരം കഴിക്കുന്നവനൊക്കെ' തന്നെക്കുറിച്ച് കുറച്ചുകൂടി ചിന്തിക്കട്ടേയെന്ന് ഈ കാട്ടാന വിചാരച്ചെന്ന് കരുതാം.
കാരണം ഇറക്കി വിട്ടിടത്തുനിന്നും ആള് നടന്നുനടന്ന് തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ എത്തി. അവിടുത്തെ "അരിശിക്കടകളും' സന്ദര്‍ശിച്ചു. അതോടെ അന്നാട്ടിലെ പോലീസിനും വനം വകുപ്പിനും പണിയായി.
കഴിഞ്ഞദിവസം അരിക്കൊമ്പന് കമ്പത്ത് ഇറങ്ങിയതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനവുമായി. ഈയൊരു ഘട്ടത്തില്‍ സമൂഹ മാധ്യമങ്ങള്‍ പിന്നെയും അരിക്കൊമ്പനെ ആഘോഷിക്കുകയാണ്.
അക്കരെയക്കരെയിലെയും, പഞ്ചാബി ഹൗസിലെയുമൊക്കെ രംഗങ്ങള്‍ അവര്‍ ട്രോളാക്കി. ദിവസവും പത്തിലധികം കിലോമീറ്റര്‍ സഞ്ചരിക്കുന്ന അരിക്കൊമ്പനെ ലോക സഞ്ചാരിയെ പോലെയാണ് കാണേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
നിരന്തരം മയക്കുവെടി വച്ച് ആനയെ മയക്കുമരുന്നിന് അടിമയാക്കുമൊ എന്ന കുസൃതിച്ചോദ്യവും പലകോണില്‍ നിന്നും ട്രോളാകുന്നു. മാത്രമല്ല ചില വാഹനങ്ങളുടെ പിറകിലും അരിക്കൊമ്പന് സ്ഥാനം പിടിച്ചുക്കഴിഞ്ഞു.
എന്തിനേറെ കവലകളിലെ ഫ്ളക്സ് ബോര്‍ഡുകളിലും ചിലരുടെ മൊബെെല്‍ ഫോണിന്റെ വാള്പേപ്പറിലുമൊക്കെ ഊ കാട്ടാന കാണപ്പെടുകയാണ്. "അരിക്കൊമ്പനൊപ്പമെന്ന്' പലരും കുറിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് അരിക്കൊമ്പന്.
എന്തായാലും ഇക്കാര്യങ്ങളൊന്നുമറിയാതെ അതിര്‍ത്തികളില്‍ പരക്കം പായുന്ന ഈ കാട്ടാന ആരുടേയും ജീവന് കവരാതിരിക്കട്ടെ. മറുവശത്ത് അതിന് സ്വെെര്യമായി ജീവിക്കാനുള്ള സാഹചര്യവും ലഭിക്കട്ടെ. ഏതായാലും അരിക്കൊമ്പന് തത്ക്കാലം വാര്‍ത്തകളില്‍ തുടരുകയാണ്...