"ഇറച്ചി മണം സഹിക്ക വയ്യ'; അയല്‍വാസിക്കൊരു വൈറല്‍ കത്ത്
Thursday, May 11, 2023 4:06 PM IST
ആളുകള്‍ പല വിശ്വാസങ്ങള്‍ പുലര്ത്തുന്നവരാണല്ലൊ. മിക്കപ്പോഴും അവരുടെ ആഹാരശൈലിയും ഈ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടായിരിക്കും. ചിലര്‍ മാംസാഹാരം തീരെ കഴിക്കാറില്ലല്ലൊ.
എന്നാല്‍ സമൂഹത്തില്‍ മിക്കവരും ഇടകലര്ന്നാണല്ലൊ ജീവിക്കുന്നത്. അതിനാല്‍ത്തന്നെ കഴിച്ചില്ലെങ്കിലും ഈ ആഹാരങ്ങളുടെ മണം അവരിലേക്കും എത്തും.
അടുത്തിടെ ഒരു കുടുംബം തങ്ങളുടെ അയല്ക്കാരന് ഒരു കത്തിടുകയുണ്ടായി. ആ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. അതിന് കാരണം കത്തിലെ ഉള്ളടക്കമാണ്.
ബേണ്‍സ് ബീച്ചിലെ താമസക്കാരായ ഒരു കുടുംബമാണ് അയല്‍വാസിക്ക് കത്തെഴുതിയത്. തങ്ങള്‍ സസ്യാഹാരമാണ് കഴിക്കുന്നതെന്നും അയല്ക്കാരന്റെ മാംസം പാകം ചെയ്യല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് കത്തിലുള്ളത്.
മാംസാഹാരത്തിന്റെ മണം തങ്ങള്‍ക്ക് വരുന്നതിനാല്‍ അയല്ക്കാരന് വശത്തെ ജനാല അടയ്ക്കണമെന്നും കത്തില്‍ പറയുന്നു. ഈ ഗന്ധം തങ്ങളില്‍ അസുഖവും അസ്വസ്ഥതയും ഉണ്ടാക്കുന്നു എന്നും അവര്‍ പരാതിപ്പെടുന്നു.
ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട കത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചിലര്‍ ഈ ആവശ്യത്തെ നിശിതമായി വിമര്‍ശിച്ചു. "നമുക്കെല്ലാവര്‍ക്കും കൂടി അവിടെ, ആ വീടിന് ചുറ്റുംനിന്ന് മാംസം പാചകം ചെയ്യാം.100 പേരെ കൂട്ടി ഒരു കൊടുങ്കാറ്റ് ഉണ്ടാക്കാം.' എന്നാണൊരാള്‍ കുറിച്ചത്.