മഞ്ഞുമലയിലൂടെ സാരിയിൽ തെന്നിനീങ്ങി യുവതി! കൈയടിച്ച് സോഷ്യൽ മീഡിയ
Tuesday, May 9, 2023 3:03 PM IST
സാരിയുടുത്ത് മഞ്ഞുമലകളിലൂടെ സ്കീയിംഗ് നടത്തുന്ന യുവതി സോഷ്യല്മീഡിയയിൽ താരമായി. യുവതി അത്ര നിസാരക്കാരിയല്ല, സൗത്ത് എഷ്യൻ ആർട്സ് ആൻഡ് തിയറ്റർ ഹൗസിന്‍റെ (സാത്തി) സിഇഒ ദിവ്യ മയ്യയാണ് വൈറൽ താരം. പ്രാഗത്ഭ്യമുള്ള സ്കീയിംഗ് താരത്തെപ്പോലെ മഞ്ഞുമൂടിയ മലയിലൂടെ തെന്നിനീങ്ങിയ ദിവ്യയ്ക്കു സാരി ഒട്ടും തടസമായില്ല.
ദിവ്യതന്നെയാണ് വീഡിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ധൈര്യം, കായികക്ഷമത, സാംസ്കാരിത്തനിമ എന്നിവയുടെ അതുല്യമായ സമ്മിശ്രണം കൊണ്ട് ദിവ്യ ഓൺലൈൻ സമൂഹത്തെ ആകർഷിച്ചു. സാരിയിൽ സ്കീയിംഗ് എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ പ്രചോദിപ്പിച്ച വ്യക്തിക്കു നന്ദി പറഞ്ഞ ദിവ്യ, "ഇത് നിങ്ങൾക്കുള്ളതാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
വിസ്മയിപ്പിക്കുന്ന വീഡിയോ എന്നതു മാത്രമല്ല, ശക്തമായ സന്ദേശം കൂടി നല്കുന്നതാണ് വീഡിയോയെന്നും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും ഇതു പ്രചോദനം നല്കുന്നുവെന്നും ആളുകൾ കമന്‍റ് ചെയ്തു.
സാരി സുഖകരമായ വസ്ത്രമല്ല എന്നു പറയുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ കൂടിയാണിതെന്ന അഭിപ്രായങ്ങളുമുണ്ടായി.