"നഗരത്തിലെ നല്ലവനായ പോലീസുകാരന്'; ഒരു മുംബൈ കാഴ്ച
Saturday, May 6, 2023 9:42 AM IST
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര യാത്രക്കാരാണ് അപകടത്തില്‍ പൊലിയുന്നത്. ട്രാഫിക് ബോധവത്ക്കരണമൊ നിയമമൊ പലരും ചെവിക്കൊള്ളാറില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്.
വഴിയില്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ അതൊരു നോവായും അതല്ലെങ്കില്‍ അത് വെറുമൊരു കാഴ്ചയായും മാറുന്ന കാലമാണിതെന്ന് പലരും വിമര്‍ശിക്കാറുണ്ട്. ഏതായാലും ഒരു പരിധിവരെ റോഡുകളില്‍ നമ്മുടെ സംരക്ഷകരായി മാറുന്നവരാണ് ട്രാഫിക് പോലീസുകാര്‍.
പൊരിവെയിലത്തും നല്ല മഴയിലും വഴിയരികിലായി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന ഈ പോലീസുകാരെ നമ്മുടെയൊക്കെ യാത്രയില്‍ എത്ര കണ്ടിരിക്കുന്നു. ഒരുമാത്രയിലെ ഒരുകാഴ്ച മാത്രമാണ് പലപ്പോഴും അവര്‍ നമുക്ക്.
എന്നാല്‍ മുംബൈയിലെ ഒരു ട്രാഫിക് പോലീസുകാരന് തന്റെ വേറിട്ട പ്രവര്‍ത്തി നിമിത്തം നെറ്റിസന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
വൈഭവ് പര്‍മര്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ മുംബൈയില്‍ ഒരു ട്രാഫിക് പോലീസുകാരന് ഫ്ളൈ ഓവറിന് താഴെ റോഡില്‍ മണ്ണിടുന്നത് കാണാം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകള്‍ പലപ്പോഴും വഴുക്കലായി മാറുകയും മാരകമായ അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഈ അപകടം ഒഴിവാക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ ചെയ്തത്.
നിരവധിപേര്‍ ആ വഴി തെന്നി വീണതിനാല്‍ അദ്ദേഹം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവിടേക്ക് സേന എത്തുമ്പോഴേക്കും സമയമെടുക്കും എന്ന് മനസിലാക്കിയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
തന്റെ യാത്രക്കാര്‍ക്കായി സുരക്ഷാ കരങ്ങള്‍ നീട്ടിയ ഈ പോലീസുകാരന് സമൂഹ മാധ്യമങ്ങളില്‍ താരമായി. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചെത്തി. "നഗരത്തെ ഒരു മികച്ച സ്ഥലമായി നിലനിര്‍ത്താന്‍ ഇത്തരം പോലീസുകാര്‍ ആവശ്യമാണ്' ഒരാള്‍ കമന്റില്‍ കുറിച്ചു.