വിമര്‍ശിച്ച് പാടിയ ഷക്കീറയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്; മുന്‍ പങ്കാളിയും കാമുകിയും പാടുപെടുന്നു
Thursday, March 23, 2023 11:06 AM IST
ഷക്കീറ എന്ന ഗായികയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. "വക്ക വക്ക' എന്ന ഗാനത്തിലൂടെ ഫുട്ബോള്‍ ആരാധകരുടെ ഹൃദയംകവര്‍ന്ന ഈ വിഖ്യാത കൊളംബിയന്‍ ഗായിക പിന്നീട് ലോകത്തെ സ്വന്തം ശബ്ദംകൊണ്ട് കീഴടക്കിയെന്ന് പറയാം.
ഷക്കീറ സ്വന്തം ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് ഒരു കാല്പന്ത് കളിക്കാരനെയാണ്. ജെറാഡ് പിക്വെ എന്ന ഫുട്ബോളറെയാണ് അവര്‍ പങ്കാളിയാക്കിയത്. സ്പാനിഷ് താരമായ പിക്വെ ബാര്സലോണയ്ക്കുമായി കളിച്ചിരുന്നു.
2010ല്‍ തുടങ്ങിയ പിക്വെ- ഷക്കീറ പ്രണയബന്ധം പക്ഷേ കഴിഞ്ഞവര്‍ഷം ജൂണില്‍ അവസാനിച്ചു. ഫോര്‍ബ്സ് മാസിക ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍ എന്ന് വിശേഷിപ്പിച്ചവരാണ് ഷക്കീറയും ജെറാഡ് പിക്വെയും.
ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായി. ഈ വേര്‍പിരിയല്‍ ഷക്കീറയെ വല്ലാതെ നൊമ്പരപ്പെടുത്തി. മാത്രമല്ല പിക്വെ ഷക്കീറയെ കുറ്റപ്പെടുത്തുകയും പുതിയ കാമുകിയെ കണ്ടെത്തുകയുമുണ്ടായി. ഇതോടെ പിക്വെയുമായുള്ള ഷക്കീറയുടെ അകല്‍ച്ച കൂടുതലായി.
എന്നാല്‍ തന്നെ വിട്ടുപിരിഞ്ഞ പങ്കാളിയെ അങ്ങനങ്ങ് വിട്ടുകളയാന്‍ ഷക്കീറ തയാറായില്ല. പഴയ കാമുകനും അയാളുടെ പുതിയ കാമുകിക്കും അവര്‍ വേറിട്ടൊരു പണിയങ്ങ് കൊടുത്തു. അടുത്തിടെ ഷക്കീറ ഇറക്കിയ ഗാനത്തിന്റെ വരികളിൽ പിക്വെയോടും അയാളുടെ പുതിയ കാമുകി ക്ലാരയോടുമുള്ള അമര്‍ഷമാണുണ്ടായിരുന്നത്.
എല്ലാ ആഢംബരങ്ങളിലും വളര്‍ന്നിട്ടും ബുദ്ധിയും ചിന്തയും വളര്‍ന്നിട്ടില്ലെന്ന് പിക്വെയെ കളിയാക്കി ഷക്കീറ പാടി. സംഭവം സംഗീത ലോകത്ത് തരംഗമായി മാറി. സ്പോര്‍ട്ടി ഫൈ ആപ്പിലും യൂട്യൂബിലും ഒരുദിവസത്തില് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനമായി ഇതുമാറി.
ഒരു കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം പേരാണ് സ്പോര്‍ട്ടി ഫൈയില്‍ സ്ട്രീം ചെയ്തത്. ആറുകോടി 30 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. ഇതടക്കം 14 ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകളും ഷക്കീറ സ്വന്തമാക്കി.
പ്രതികാരമായാലും നിലനില്പിന്റെ രാഷ്ട്രീയമായാലും സംഗതി വൈറലായി. ആരാധകരുടെ മനസിനെ തൊട്ടുണര്‍ത്തി ഷക്കീറയുടെ ശബ്ദം അങ്ങനെ വീണ്ടും മുഴങ്ങുകയാണ്.