ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, എങ്കിൽ വീട്ടിൽ ഇരുന്നോ എന്ന് കന്പനി; ആഹാ അത്രയ്ക്കായോ എന്നു കോടതി
Monday, April 14, 2025 10:29 AM IST
ചില ദിവസങ്ങളിൽ ജോലി സ്ഥലത്തു നിന്നും നേരത്തെ ഇറങ്ങുന്നതൊക്കെ സ്വാഭാവികമായ കാര്യമാണ്. അതിനു ജോലിയിൽ നിന്നും പിരിച്ചു വിടുക എന്നുള്ളത് അൽപ്പം കടന്ന കൈയാണ്. ചൈനയിലെ ഒരു കന്പനിയാണ് ഈ കടുംകൈ ചെയ്തത്.
വാങ് എന്ന യുവതിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പക്ഷേ, സംഭവം ബൂമാറാങ് പോലെ കന്പനിക്കെതിരെ തന്നെ വന്നിരിക്കുകയാണ് എന്നതാണ് രസം. കന്പനിയുടെ നടപടി അത്ര വെടിപ്പല്ല എന്നാണ് കോടതി പറഞ്ഞത്. ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയിലാണ് സംഭവമുണ്ടായത്.
തന്നെ അന്യായമായിജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നു യുവതി പരാതിനൽകി. പരാതി പരിശോധിച്ച കോടതി ഈ നടപടി ന്യായമല്ലെന്നും യുവതിയെ പിരിച്ചു വിട്ടത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. മാത്രവുമല്ല യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.